NEWSWorld

അമേരിക്കയും ലോകവും നടുങ്ങിയ ദിനം; 9/11 ഭീകരാക്രമണത്തിന് 22 വയസ്

ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 22 വര്‍ഷം. 3000 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ നടുക്കം അമേരിക്കക്കാരുടെ മനസിനെ ഇനിയും വിട്ടുപോയിട്ടില്ല. ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ ഒരു വിമാനാപകടത്തിന്റേതായിരുന്നു. ബോസ്റ്റണില്‍ നിന്നു പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പതിനൊന്നാം നമ്പര്‍ ബോയിങ് വിമാനം രാവിലെ എട്ടേ മുക്കാലോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് ഇടിച്ചു കയറി. അതേ കെട്ടിട സമുച്ചയത്തിന്റെ തെക്കേ ടവറിലേക്ക് 17 മിനിട്ടിനുള്ളില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം കൂടി ഇടിച്ചു കയറിയതോടെ അതൊരു ഭീകരാക്രമണമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടു.

9.59ന് സൗത്ത് ടവറും 29 മിനിട്ടിനു ശേഷം നോര്‍ത്ത് ടവറും തകര്‍ന്നടിഞ്ഞു. വിമാനങ്ങള്‍ ഇടിച്ചിറങ്ങിയ നിലകളില്‍ കുടുങ്ങിയ പലരും ജനാല വഴി മരണത്തിലേക്ക് എടുത്തുചാടുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു. അല്‍ഖ്വയിദ സംഘം ലക്ഷ്യമിട്ടത് ന്യൂയോര്‍ക്ക് നഗരത്തെ മാത്രമായിരുന്നില്ല. ആ ഹിറ്റ് ലിസ്റ്റില്‍ പെന്റഗണും വൈറ്റ് ഹൗസുമുള്‍പ്പെടും. എന്നാല്‍ വൈറ്റ് ഹൗസ് ആക്രമിക്കപ്പെടുന്നതിന് മുന്‍പ് വിമാനം ഷാങ്ക്‌സ്വില്ലയിലെ ആളൊഴിഞ്ഞ ഒരിടത്തേക്ക് കൂപ്പുകുത്തി.

നാലിടങ്ങളിലുമായി കൊല്ലപ്പെട്ടത് 3000ല്‍ അധികം പേര്‍. അപകട സാധ്യത വകവെക്കാതെ മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പാഞ്ഞു ചെന്ന 343 അഗ്‌നിശമന സേനാംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നടിഞ്ഞു വീണ ദുരന്ത ഭൂമി പിന്നീട് ഗ്രൗണ്ട് സീറോ എന്നറിയപ്പെട്ടു. ഈ അക്രമണങ്ങള്‍ക്കുള്ള മറുപടിയായി ഗ്ലോബല്‍ വാര്‍ ഓണ്‍ ടെറര്‍ എന്ന പേരില്‍ അമേരിക്കയുടെ പ്രതികാര ദൗത്യങ്ങള്‍ക്കും പിന്നീട് ലോകം സാക്ഷ്യം വഹിച്ചു.

സ്വന്തം മണ്ണിലേക്ക് കടന്നുവന്ന് തങ്ങളെ ആക്രമിക്കാന്‍ ഒരു ശക്തിക്കും ആവില്ല എന്ന അമേരിക്കയുടെ ആത്മവിശ്വാസത്തിന്റെ നടുമ്പുറത്തേറ്റ അടിയായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. അതിനുപിന്നാലെ അമേരിക്കയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ തന്നെ സമഗ്രമായി പൊളിച്ചെഴുതപ്പെട്ടു. വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരക ശിലയിലെ വെള്ള റോസാപ്പൂവിനെ സാക്ഷിയാക്കി, നാട്ടിലെ ജനങ്ങളെ ഇനിയൊരാക്രമണത്തില്‍ നിന്ന് സംരക്ഷിച്ചു കൊള്ളാം എന്ന പ്രതിജ്ഞ പുതുക്കാന്‍ ജോ ബൈഡന്‍ ഇന്ന് ഗ്രൗണ്ട് സീറോയില്‍ എത്തും.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: