Breaking NewsBusinessLead NewsNEWSpoliticsPravasiWorld

അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

ടെഹ്‌റാൻ: അമേരിക്കയുമായി വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകൾ ഉയരുന്നുവെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. നിലവിൽ തുടരുന്ന താത്കാലിക വെടിനിർത്തലിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. കരാറുകൾ പാലിക്കുന്നതിൽ അമേരിക്ക വിശ്വാസ്യത കാണിക്കുന്നില്ലെന്നും അതിനാൽ അമേരിക്ക-ഇസ്രയേൽ കൂട്ടുകെട്ട് വീണ്ടും യുദ്ധത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും ഇറാന്റെ സായുധസേന വ്യക്തമാക്കി.

സ്വയം സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ഒഴിഞ്ഞുമാറാനും എണ്ണവിലയിലെ ഇടിവ് തടയാനുമുള്ള ശ്രമങ്ങളാണ് അമേരിക്കൻ അധികാരികൾ നടത്തുന്നുവെന്ന് ഇറാന്റെ സൈനിക ആസ്ഥാനത്തെ ഉപമേധാവി മുഹമ്മദ് ജാഫർ അസദി ആരോപിച്ചു. അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Signature-ad

ശത്രുത അവസാനിച്ചുവെന്ന പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടും കടൽ ഉപരോധം ഉൾപ്പെടെയുള്ള സൈനിക സമ്മർദങ്ങൾ അമേരിക്ക തുടരുന്നതായി ഇറാൻ ആരോപിക്കുന്നു. ഇറാനുമായുള്ള ധാരണയില്ലാതെ മുന്നോട്ട് പോകുന്നതാണ് അമേരിക്കയ്ക്ക് അനുകൂലമെന്ന നിലപാടും അവരുടേതാണ്. തനിക്ക് അംഗീകരിക്കാൻ കഴിയാത്ത ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ട് വയ്ക്കുന്നതെന്നും അമേരിക്കൻ ഭരണകൂടം പ്രതികരിച്ചു.

ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ അമേരിക്കൻ പ്രസിഡന്റ് ഒഴിഞ്ഞുമാറി. സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാന്റെ വിഷയത്തിൽ മുന്നിലുള്ളത് രണ്ട് വഴികളാണെന്ന് അദ്ദേഹം പറഞ്ഞു — ഒന്നുകിൽ ഇറാനെ പൂർണമായും തകർക്കുക, അല്ലെങ്കിൽ ധാരണയിലെത്തുക. മാനുഷിക പരിഗണന കണക്കിലെടുത്ത് ഇറാനെ തകർക്കാൻ താൻ ആഗ്രഹിക്കുന്നില്ലെങ്കിലും അതും ഒരു സാധ്യതയായി തുടരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മൂന്നാഴ്ചയായി തുടരുന്ന വെടിനിർത്തൽ ഇതോടെ കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: