‘ രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ മുഖ്യമന്ത്രിയാകണം; എഐസിസി സംഘടനാ ചുമതലയുള്ള കെ.സി. വേണുഗോപാലിന്റെ പേര് വലിച്ചിഴക്കേണ്ടതില്ല‘- കേരള ദലിത് ഫെഡറേഷൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയോ മുസ്ലിം ലീഗിന്റെ ദേശീയ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയോ മുഖ്യമന്ത്രിയാക്കണം എന്ന് കേരള ദലിത് ഫെഡറേഷൻ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.
‘ഇരുവരും മികച്ച ഭരണാധികാരികളെന്ന നിലയിൽ കഴിവ് തെളിയിച്ചവരാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട് പൊതുവേ സ്വാഗതം ചെയ്യപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നിർവഹിക്കാനുള്ള എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേര് വലിച്ചിഴക്കേണ്ടതില്ല.’ എന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ അധികാര കേന്ദ്രങ്ങളിൽ നിന്നും മുസ്ലിം വിഭാഗങ്ങളെ തുടച്ചുമാറ്റുന്ന ബിജെപിക്കും കേന്ദ്രസർക്കാരിനും കൊടുക്കാവുന്ന ഏറ്റവും വലിയ പ്രഹരം ആയിരിക്കും പി.കെ. കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കുന്നത്. മുസ്ലിം സഹവർത്തിത്വവും മതേതര മൂല്യവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനുള്ള ആർജവം കാട്ടണം.’ എന്നും പി. രാമഭദ്രൻ.
‘വി.ഡി. സതീശൻ നല്ല കഴിവുള്ള നേതാവാണ്. അദ്ദേഹം വനവാസത്തിന് പോകണമെന്ന് രാഷ്ട്രീയ എതിരാളികൾ പോലും ആഗ്രഹിക്കുന്ന കാര്യമല്ല. യുഡിഎഫ് ആണ് അധികാരത്തിൽ വരുന്നതെങ്കിൽ നല്ല ധനകാര്യ മന്ത്രിയെ സതീശനിലൂടെ കേരളീയർ പ്രതീക്ഷിക്കുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു. ദലിത്-പിന്നോക്ക വിഭാഗത്തിന് ആനുപാതികമായ മന്ത്രി സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിൽ ഏത് മുന്നണിയായാലും എതിർക്കപ്പെടുമെന്നും അദ്ദേഹം പി. രാമഭദ്രൻ കൂട്ടിച്ചേർത്തു.






