CrimeNEWS

ആലുവയിൽ അതിക്രമത്തിനിരയായ എട്ടു വയസുകാരിയുടെ മാതാപിതാക്കളെ മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ച് മന്ത്രി പി രാജീവ്

ആലുവ: ആലുവയിൽ അതിക്രമത്തിനിരയായ എട്ടു വയസുകാരിയുടെ മാതാപിതാക്കളെ മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ച് മന്ത്രി പി രാജീവ്. എല്ലാ സഹായവും സർക്കാരിൽ നിന്നുണ്ടാകുമെന്ന് പെൺകുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നൽകിയെന്ന് മന്ത്രി അറിയിച്ചു. കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കും. പെൺകുട്ടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്ന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാജീവ് പറഞ്ഞു.

പി രാജീവിന്റെ കുറിപ്പ്: ”ആലുവയിൽ അതിക്രമത്തിനിരയായ 8 വയസുകാരിയുടെ മാതാപിതാക്കളെ മെഡിക്കൽ കോളേജിലെത്തി കണ്ടു. എല്ലാ സഹായവും സർക്കാരിൽ നിന്നുണ്ടാകുമെന്ന് ഉറപ്പ് നൽകി. പെൺകുട്ടി ആരോഗ്യം അതിവേഗം വീണ്ടെടുക്കുകയാണ്. കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിന് ശേഷം നടപ്പിലാക്കും. വിചാരണ കഴിയുന്നതുവരെ പെൺകുട്ടിയുടെ വീട്ടുകാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിത്താമസിക്കുന്നത് സംബന്ധിച്ച് കലക്ടറുമായി ചർച്ച നടത്തി. പെൺകുട്ടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ശ്രമിക്കും. പഴുതടച്ച കുറ്റപത്രം തയ്യാറാക്കി എത്രയും പെട്ടെന്ന് വിചാരണ സാധ്യമാക്കും.”

അതേസമയം, കുട്ടികൾക്കെതിരായ അതിക്രമം വർധിക്കുമ്പോൾ ആഭ്യന്തരവകുപ്പ് നാഥനില്ല കളരി പോലെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവയിൽ എട്ടു വയസുകാരി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണ്. കാട്ടാക്കടയിൽ കുട്ടിക്കെതിരെ സംഭവിച്ചതും ജനങ്ങളെ ആശങ്കയിലാക്കി. സംസ്ഥാനത്ത് പൊലീസ് പെട്രോളിങ് ശക്തിപ്പെടുത്തണം. ക്രിമിനൽ സ്വഭാവമുള്ളവരെ കണ്ടെത്തണം. ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തണം. ഇക്കാര്യം എസ്പിയോട് സംസാരിക്കും. കുട്ടിയുടെ മാതാപിതാക്കളെ കണ്ടു, കുട്ടിയെ കണ്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളെ കുറ്റം പറയാൻ കഴിയില്ല. അവർ നമുക്ക് വേണ്ടി ജോലി ചെയ്യാൻ വന്നവരാണ്. കുട്ടികളുടെ സുരക്ഷയെ കുറിച്ച് ഡിജിപിയോട് സംസാരിക്കും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യമില്ലെന്നും അതുകൊണ്ടാണ് ഡിജിപിയോട് സംസാരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: