മലപ്പുറം: വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. റെയില്‍വേ സുരക്ഷാ സേനയാണ് താനൂരിനു സമീപമുള്ള ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. ഷൊര്‍ണൂര്‍ റെയില്‍വേ സുരക്ഷാ സേന കമാന്‍ഡര്‍ സിടി ക്ലാരി വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ പിടികൂടിയത്.
കഴിഞ്ഞ മാസം 21നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പൊട്ടിയ ചില്ലില്‍ സ്റ്റിക്കര്‍ പതിച്ചാണ് യാത്ര തുടര്‍ന്നത്.
അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തില്‍ ചോദ്യം ചെയ്തപ്പോള്‍ കല്ലെറിഞ്ഞതായി കുട്ടികള്‍ സമ്മതിച്ചു. കുട്ടികളെ ഇന്ന് തവനൂരിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും.