ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 53 ശതമാനം വോട്ട് കിട്ടും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 39 ശതമാനം വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. 1,31,026 വോട്ടാണ് ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്.
എക്സിറ്റ് പോളിന്റെ ശതമാന കണക്ക് അനുസരിച്ച യുഡിഎഫിന് 69,443 വോട്ടും എല്‍ഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടും.ചാണ്ടി ഉമ്മന്‍ 18,000 ല്‍ അധികം ഭൂരിപക്ഷം കിട്ടാൻ സാധ്യയുടെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പുരുഷ വോട്ടര്‍മാരില്‍ 50 ശതമാനം പേരും സ്ത്രീ വോട്ടര്‍മാരില്‍ 56 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്തെന്നാണ് എക്സിറ്റ് പോള്‍ കണ്ടെത്തല്‍. ഇടത് മുന്നണിക്ക് പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനത്തിന്റെയും സ്ത്രീ വോട്ടര്‍മാരില്‍ 37 ശതമാനത്തിന്റെയും പിന്തുണ കിട്ടിയെന്നും എക്സിറ്റ് പോള്‍ കണക്കുകള്‍ പറയുന്നു.വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തിറങ്ങിയ 509 വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ തയ്യാറാക്കിയത്.
അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ 72.86% പോളിങ് ആണ് രേഖപ്പെടുത്തിയതെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. 2021ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 1.98% കുറവാണ് ഇത്. ആകെ 1,28,624 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 182 പോളിങ് സ്റ്റേഷനുകളില്‍ 179 ഇടത്തും ചൊവ്വാഴ്ച വൈകുന്നേരം ആറു മണിക്കുതന്നെ വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു.