KeralaNEWS

തകരാര്‍ കണ്ടിട്ടും KSEB ജീവനക്കാര്‍ നടപടിയെടുത്തില്ല; കലൂരില്‍ രണ്ട് കടകള്‍ കത്തിനശിച്ചു

കൊച്ചി: കലൂര്‍ പൊറ്റക്കുഴിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കടകള്‍ കത്തിനശിച്ചു. ഒരു ജ്യൂസ് കടയും അപ്‌ഹോള്‍സ്റ്ററി കടയുമാണ് കത്തിനശിച്ചത്. ലൈനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടിട്ടും ജീവനക്കാര്‍ ലൈന്‍ ഓഫാക്കാന്‍ പോലും തയ്യാറാകാതെ പോയതാണ് തീപ്പിടിത്തത്തിന് കാരണമെന്ന് കടയുടമകള്‍ ആരോപിച്ചു.

‘രാത്രി കടയില്‍നിന്ന് പുക ഉയരുന്നതുകണ്ട് കലൂര്‍ കെ.എസ്.ഇ.ബി. ഓഫീസില്‍ വിളിച്ചിട്ട് കിട്ടിയില്ല. ഒടുവില്‍ ടി.ജെ.വിനോദ് എം.എല്‍.എ. എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ വിളിച്ചുപറഞ്ഞ ശേഷമാണ് ജീവനക്കാര്‍ വന്നത്. ലൈനില്‍ തകരാറുണ്ടെന്നും രാവിലെ നോക്കാമെന്നും പറഞ്ഞ് അവര്‍ പോയി. അതിനുശേഷമാണ് തീപ്പിടിത്തമുണ്ടായത്’ -കടയുടമകളില്‍ ഒരാളായ ഹസീന പറഞ്ഞു.

Signature-ad

കെ.എസ്.ഇ.ബി. ജീവനക്കാര്‍ രാത്രി തന്നെ നടപടിയെടുത്തിരുന്നെങ്കില്‍ തീപ്പിടിത്തം ഉണ്ടാകുമായിരുന്നില്ലെന്ന് സംഭവസ്ഥലത്തെത്തിയ ടി.ജെ.വിനോദ് എം.എല്‍.എ. പറഞ്ഞു. കെ.എസ്.ഇ.ബി. ജീവനക്കാരുടെ അനാസ്ഥയാണ് ഇതിനു കാരണം. രണ്ട് കുടുംബങ്ങളുടെ ജീവിതമാര്‍ഗമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കടയുടമകള്‍ക്ക് ബോര്‍ഡ് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപ്പിടിത്തത്തിന് കാരണമെന്നത് സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിശദമായ അന്വേഷണം നടത്തും.

 

 

 

Back to top button
error: