ന്യൂഡല്‍ഹി: ഐഎസ്‌ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) തൃശൂര്‍ മൊഡ്യൂള്‍ നേതാവിനെ ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്‌തെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ). രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സയീദ് നബീല്‍ അഹമ്മദ് എന്നയാളെ പിടികൂടിയതെന്നും എന്‍ഐഎ അറിയിച്ചു.
ഒളിവിലായിരുന്ന നബീല്‍ അഹമ്മദിനെ എന്‍ഐഎയുടെ പ്രത്യേക സംഘമാണു പിടികൂടിയത്. കഴിഞ്ഞ കുറച്ചാഴ്ചകളായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി പല സ്ഥങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വ്യാജ രേഖ ചമച്ച് നേപ്പാളിലേക്കു കടക്കാനായിരുന്നു നീക്കം. വ്യാജ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
ഈ വര്‍ഷം ജൂലൈയില്‍ തമിഴ്നാട്ടിലെ സത്യമംഗലത്തിന് സമീപത്തെ ഒളിത്താവളത്തില്‍ നിന്ന് മതിലകത്ത് കൊടയില്‍ അഷ്റഫ് എന്ന ആഷിഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ ആസ്ഥാനമായുള്ള ഐഎസ് മൊഡ്യൂള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തുന്നതായി കണ്ടെത്തിയിരുന്നു.
തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐഎസ് മൊഡ്യൂള്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന് എന്‍ഐഎയ്ക്കു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജൂലൈ 11നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കൊള്ളയടിക്കല്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പണം കണ്ടെത്താനും ഇവര്‍ നീക്കം നടത്തി. ഇന്ത്യയില്‍ പലയിടത്തും ആളുകളെ ചേര്‍ക്കുന്നതിന് ഐഎസ്‌ഐസ് നീക്കം നടത്തുന്നുണ്ട്. നിരവധി ഐഎസ് പ്രവര്‍ത്തകരെ ഇതിനകം അറസ്റ്റ് ചെയ്തുവെന്നും എന്‍ഐഎ അറിയിച്ചു.