തിരുവനന്തപുരം: കണ്ണൂരില്‍നിന്നും തിരുവനന്തപുരത്ത് എത്തി ഒറ്റ രാത്രിയില്‍ 3 സ്വര്‍ണ കടകള്‍ ഉള്‍പ്പെടെ 5 കടകള്‍ കുത്തിത്തുറന്ന് 1,53,000 രൂപയോളം വിലവരുന്ന വെള്ളി, സ്വര്‍ണം ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി കോഴിക്കോട് പിടിയില്‍.
തളിപ്പറമ്പ് പത്താന് തറക്കര തെക്കേമുറി തങ്കച്ചന്(56) ആണ് ബാലരാമപുരം പോലീസിന്റെ പിടിയിലായത്. കോഴിക്കോട്ട് വ്യാജ വിലാസത്തില്‍ ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് അറസ്റ്റ്. കരമനകളിയിക്കാവിള ദേശീയ പാതയില്‍ റോഡിന് ഇരുവശവുമായുള്ള കടകളില്‍ ജൂലൈ 24 ന് രാത്രിയിലാണ് മോഷണം നടത്തിയത്.
24ന് രാവിലെ കണ്ണൂരില്‍ നിന്നും ബാലരാമപുരത്ത് ബസ് മാര്‍ഗം എത്തിയ പ്രതി രാത്രിയില്‍ 2 മണിക്കൂറിനിടെ 3 ജ്വല്ലറികളിലും 2 തുണിക്കടകളിലും മോഷണം നടത്തുകയായിരുന്നു. കണ്ണന് ജ്വല്ലറിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി കവര്‍ന്നു. ഇതിന് സമീപം പത്മനാഭ ജ്വല്ലറിയില്‍ നിന്ന് 20,000 രൂപ വില വരുന്ന സ്വര്‍ണ മോതിരങ്ങളും പ്രശാന്ത് ജ്വല്ലറിയില്‍ നിന്ന് 33,000 രൂപ വിലവരുന്ന 10 ചെറിയ വളകളുമാണ് മോഷ്ടിച്ചത്.
സംഭവ ദിവസം രാവിലെ ബാലരാമപുരത്തെത്തി കടകള്‍ നോക്കിവച്ചു. വസ്ത്രങ്ങള്‍ മാറി മുഖം മൂടി ഉള്‍പ്പെടെ ധരിക്കുന്നതിനും ആയുധങ്ങള്‍ ഒളിപ്പിക്കുന്നതിനും സ്ഥലം കണ്ടെത്തി. തിരികെ തിരുവനന്തപുരത്തെത്തിയ ശേഷം രാത്രി 1.30നാണ് ബാലരാമപുരത്ത് ബസില്‍ മടങ്ങിയെത്തിയത്. പെട്രോള്‍ പമ്പിന് സമീപം എത്തി ധരിച്ചിരുന്ന വസ്ത്രം മാറി മങ്കി ക്യാപും ഗ്ലൗസും ധരിച്ച് കടകള്‍ കുത്തിത്തുറക്കുന്നതിനുള്ള പിക്കാസുമെടുത്ത് പണി തുടങ്ങി. ഇതിന് ശേഷം 25 ന് പുലര്‍ച്ചെ 3.30 ന് പെട്രോള്‍ പമ്പിന് സമീപമെത്തി വസ്ത്രം മാറി പിക്കാസ് എതിര് വശത്തെ വീട്ടുവളപ്പില്‍ ഉപേക്ഷിച്ച് ബസില്‍ തിരുവനന്തപുരത്തേക്കും തുടര്‍ന്ന് കോഴിക്കോട്ടേയ്ക്കും മടങ്ങുകയായിരുന്നു.
തമ്പാനൂരിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ക്ലോക്ക് റൂമില്‍ കുളിച്ച് വസ്ത്രം മാറിപ്പോകുന്ന ദൃശ്യമാണ് പോലീസിന് സംശയം ജനിപ്പിച്ചത്. കണ്ണൂരില്‍ നിന്ന് വിവിധ സ്ഥലങ്ങളിലെത്തി മോഷണം നടത്തിയശേഷം തിരികെ മടങ്ങുന്നതാണ് ഇയാളുടെ രീതി. ഇയാള്‍ സമാനമായ പതിനഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണ്. സംഭവത്തിന് ശേഷം വിദഗ്ധമായി പോലീസിനെ വെട്ടിച്ചുകടന്ന പ്രതിയെ കോഴിക്കോട് വരെയുള്ള 10 ജില്ലകളിലെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പിടികൂടാനായത്.