പത്തനംതിട്ട: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനപ്പൂര്‍വം തന്റെ കാറിലിടിപ്പിച്ചെന്ന പരാതിയുമായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും നടനുമായ ജി.കൃഷ്ണകുമാര്‍. പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുമ്പോള്‍ പന്തളത്തു വച്ചു മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്ന് കാറില്‍ ഇടിപ്പിക്കുകയായിരുന്നുവെന്നു കൃഷ്ണകുമാര്‍ പന്തളം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
”പന്തളം നഗരത്തില്‍വച്ചായിരുന്നു സംഭവം. മുഖ്യമന്ത്രി പോയി 20 മിനിറ്റുകള്‍ക്ക് ശേഷമാണ് അകമ്പടി വാഹനങ്ങളിലൊന്നായ സ്‌ട്രൈക്കര്‍ ഫോഴ്‌സിന്റെ ബസ് വരുന്നത്. നഗരത്തില്‍ തിരക്കിനിടെ ഹോണടിച്ച് ബഹളമുണ്ടാക്കിയാണ് വാഹനമെത്തിയത്. വാഹനം ഇടിപ്പിച്ചശേഷം എടാ നീ മുഖ്യമന്ത്രിയുടെ വണ്ടി തടയുമോടാ, തുടങ്ങി മോശം സംസാരമാണ് ഉണ്ടായത്. ഇതിന്റെ ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ കൊടി കണ്ടിട്ട് ഇടിപ്പിച്ചതാകാം. മനസ്സിനകത്തെ രാഷ്ട്രീയ വിരോധമായിരിക്കാം പുറത്ത് വന്നത്. ഇത്തരക്കാരെ മുഖ്യമന്ത്രി നിയന്ത്രിക്കണം. എല്ലാവരേയും ഇടിച്ച് തെറിപ്പിച്ച് പോകാനാണ് ശ്രമമെങ്കില്‍ മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോകുന്നതാണ് നല്ലത്. മനുഷ്യന് തലവേദനയില്ലലോ” -കൃഷ്ണകുമാര്‍ പ്രതികരിച്ചു.
അതിനിടെ, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, മുഖ്യമന്ത്രിക്കു യാത്ര ചെയ്യാനും പോലീസിന്റെ ആവശ്യങ്ങള്‍ക്കുമായി മാസം 80 ലക്ഷം രൂപ നല്‍കി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു. സ്വകാര്യ കമ്പനിയുമായി ഇതിന്റെ കരാര്‍ ഒപ്പു വയ്ക്കാന്‍ തീരുമാനമായി. രണ്ടാഴ്ചയ്ക്കുള്ളില്‍ കോപ്റ്റര്‍ എത്തും.