ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പു നടത്താന്‍ തയാറെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തെരഞ്ഞെടുപ്പു കമ്മിഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
തെരഞ്ഞെടുപ്പു നടത്തുന്നതില്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്ര കമ്മിഷനുമാണ് തീരുമാനമെടുക്കേണ്ടത്. ആദ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പും രണ്ടാമതായി മുനിസിപ്പല്‍ തെരഞ്ഞെടുപ്പും അവസാനം നിയമസഭാ തെരഞ്ഞെടുപ്പുമാണ് നടക്കേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ജമ്മു കശ്മീരിന് എപ്പോള്‍ പൂര്‍ണ സംസ്ഥാന പദവി തിരിച്ചുകിട്ടും എന്നതില്‍ സമയക്രമം അറിയിക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. പൂര്‍ണ സംസ്ഥാന പദവിയിലേക്കുള്ള നടപടികള്‍ പൂരോഗമിക്കുകയാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു.
പൂര്‍ണ സംസ്ഥാന പദവി തിരിച്ചുനല്‍കുന്നതു സംബന്ധിച്ച് വിശദമായ നിലപാട് അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. ജമ്മു കശ്മീരിന്റെ കേന്ദ്ര ഭരണ പ്രദേശ പദവി സ്ഥിരമായുള്ളതല്ലെന്ന് നേരത്തെ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.