ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കാലത്താണ് പാചകവാതക സബ്‌സിഡി കേന്ദ്രം എടുത്തുകളഞ്ഞത്. ഒരു വര്‍ഷം 12 സിലിണ്ടറുകള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡിയാണ് കേന്ദ്രം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നത്. പൊടുന്നനെ സബ്‌സിഡി ആനുകൂല്യം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കേന്ദ്രം എല്‍.പി.ജി. സബ്‌സിഡി പുനഃസ്ഥാപിച്ചിരിക്കുകയാണ്.
പാചകവാതകത്തിന് 200 രൂപ വില കുറച്ചു എന്ന് കേന്ദ്രം പ്രഖ്യാപിക്കുമ്പോള്‍ ഫലത്തില്‍ ആരോടും പറയാതെ പെട്ടെന്ന് ഒരുദിവസം നിര്‍ത്തലാക്കിയ സബ്സിഡ് പുന:സ്ഥാപിക്കുകയാണ് ചെയ്തത്. എങ്കിലും നേരത്ത ലഭിച്ചിരുന്ന സബ്സിഡി തുകയെക്കാള്‍ കുറവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു
‘തിരഞ്ഞെടുപ്പ് പ്രഖ്യാപനമല്ല’ എന്നു പറഞ്ഞു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില കുത്തനെ കുറച്ചത്. 200 രൂപയായിരുന്നു കുറച്ചത്. ഇതോടെ 1100 രൂപയ്ക്ക് വാങ്ങിയിരുന്ന സിലിണ്ടര്‍ ഇനി 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതിപ്രകാരം സിലിണ്ടര്‍ ലഭിക്കുന്നവര്‍ക്ക് 400 രൂപ കുറയും. നടപ്പ് സാമ്പത്തിക വര്‍ഷം പാചക വാതക സബ്സിഡിയിനത്തില്‍ സര്‍ക്കാരിന് 7,680 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുക.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ തിരിച്ചടിക്ക് പാചകവാതക വിലയും കാരണമായി എന്ന വിലയിരുത്തലും ബി.ജെ.പി. നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്. കര്‍ണാടകയിലെ തന്ത്രം കോണ്‍ഗ്രസ് വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും പയറ്റാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനമായി, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശില്‍ പാചകവാതക വില 500 രൂപയാക്കി കുറക്കുമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ നേരത്തെ തന്നെ പാചകവാതക വില 500 രൂപയാക്കി കുറച്ചിരുന്നു.
രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റം, പാചകവാതകവില, പെട്രോള്‍ വില തുടങ്ങിയ കാര്യങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് മുന്നില്‍ കണ്ടാണ് കേന്ദ്രം എല്‍പിജി വില കുറച്ചത് എന്ന വിലയിരുത്തലുകളും പല കോണില്‍ നിന്നും ഉയരുന്നുണ്ട്. ഒപ്പം, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തില്‍ ബിജെപിക്ക് സൃഷ്ടിക്കുന്ന വെല്ലുവിളിയും ചെറുതല്ല.
പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ ചര്‍ച്ചകളും യോഗങ്ങളും തകൃതിയില്‍ നടക്കുന്നുണ്ട്. ഇത് പ്രതിരോധിക്കാനെന്നോണം ബിജെപി നേതാക്കളടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. ആദ്യ യോഗത്തിന് ശേഷം സഖ്യം ചിന്നഭിന്നമാകുമെന്നും പ്രതിപക്ഷ പാര്‍ട്ടിനിരയില്‍ വിള്ളലുണ്ടാകുമെന്നും വിചാരിച്ചെങ്കിലും രണ്ട് യോഗങ്ങളും കഴിഞ്ഞ് മൂന്നാമത്തെ യോഗത്തിലേക്ക് കടക്കുകയാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’. ഇത് ബിജെപിയെ ചെറുതല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.