IndiaNEWS

160 ലോക്സഭാ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തേ പ്രഖ്യാപിക്കാൻ ബിജെപി; കേരളത്തിൽ 5 ഇടത്ത്

ന്യൂഡൽഹി:160 ലോക്സഭാ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തേ പ്രഖ്യാപിക്കാൻ ബിജെപി.ഇതുവരെ ബിജെപി ജയിക്കാത്ത മണ്ഡലങ്ങളിലായിരിക്കും ഇത്.

കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍, ബംഗാള്‍ ഉള്‍പ്പെടുന്ന കിഴക്കൻ സംസ്ഥാനങ്ങള്‍ എന്നീ മേഖലകളിലായിരിക്കും സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിക്കുക.കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കും.

തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനോ കേന്ദ്രമന്ത്രി വി മുരളീധരനോ മത്സരിക്കും.പത്തനംതിട്ടയിൽ ഉണ്ണിമുകുന്ദനോ കെ സുരേന്ദ്രനോ ആകും മത്സരിക്കുക.പാലക്കാട് ഇ ശ്രീധരന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്.അതേസമയം തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.വിഐപിക്കായി മണ്ഡലം മാറ്റിവച്ചിരിക്കുന്നു എന്നാണ് സൂചന.പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്ത് നിന്നും മത്സരിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.

Signature-ad

ദുര്‍ബലമായ സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നേരത്തേ രംഗത്തിറങ്ങുന്നതിലൂടെ ലഭിക്കുന്ന മുൻതൂക്കം മുതലാക്കുന്നതിനും ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്കുമുമ്ബുതന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. 160 മണ്ഡലങ്ങളെ 40 ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കുക.ഈ മണ്ഡലങ്ങളില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരായിരിക്കും പ്രചാരണത്തിന് നേതൃത്വം നല്‍കുക. ഇത്തരം ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച്‌ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവര്‍ റാലികള്‍ നടത്തും.

ബിജെപിയുടെ ഭൂരിപക്ഷം കൂട്ടുകയാണ് ലക്ഷ്യമെന്ന് പറയുമ്പോഴും സിറ്റിങ് സീറ്റുകളില്‍ ചിലത് നഷ്ടമാകാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവാണ് പുതിയ സ്വാധീന മേഖലകള്‍ ഉണ്ടാക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് വിവരം. ഇതിലൂടെ വീണ്ടും മോദി അധികാരത്തിലെത്തുമെന്ന് ഉറപ്പിക്കാനാണ് ശ്രമം.

Back to top button
error: