IndiaNEWS

ഏഷ്യ കപ്പിൽ  ബാക്കപ്പ് താരമായി ടീമില്‍ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസൺ

മുംബൈ:ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ബാക്കപ്പ് താരമായി ടീമില്‍ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസൺ.കെഎല്‍ രാഹുലിന് പരിക്കേറ്റതോടെയാണ് ബാക്കപ്പായി സഞ്‌ജു സാംസണെ ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

രോഹിത് ശര്‍മ നേതൃത്വം നല്‍കുന്ന 17 അംഗ ടീമിനെ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്‌ഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. ഏകദിന ലോകകപ്പ്  അടുത്തിരിക്കെ ഏഷ്യ കപ്പ് സ്‌ക്വാഡിന് വലിയ പ്രധാന്യമുണ്ട്.

എന്നാല്‍ 2022 തൊട്ടുള്ള ഏകദിനത്തിലെ കണക്ക് പരിശോധിച്ചാല്‍ വമ്ബന്‍ പേരുകാരായ മിക്ക താരങ്ങളേക്കാളും മിന്നും പ്രകടനം നടത്താന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വാസ്തവം.

Signature-ad

ടീം അംഗങ്ങളുടെ പ്രകടനം

രോഹിത് ശര്‍മ (ക്യാപ്റ്റൻ) – ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായ രോഹിത്തിന് കീഴിലാണ് ഇന്ത്യ ഏഷ്യ കപ്പ് കളിക്കുന്നത്. 2022-ന്‍റെ തുടക്കം മുതല്‍ 17 ഏകദിനങ്ങളില്‍ നിന്ന് 45.14 ശരാശരിയില്‍ 632 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

ശുഭ്‌മാൻ ഗില്‍ – സമീപകാലത്തായി മിന്നും ഫോമിലാണ് ശുഭ്‌മാന്‍ ഗില്‍. 2022 ജനുവരി മുതല്‍, 24 ഏകദിനങ്ങളില്‍ നിന്നും 69.40 ശരാശരിയില്‍ 1388 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

വിരാട് കോലി- ഇന്ത്യയുടെ റണ്‍ മെഷീനെന്ന വിശേഷണമുള്ള താരമാണ് വിരാട് കോലി. ഏറെക്കാലമായി വലച്ചിരുന്ന മോശം ഫോം മറികടന്ന താരം തന്‍റെ മികവിലേക്ക് തിരികെ വരുന്ന കാഴ്‌ചയാണ് സമീപകാലത്ത് കാണാന്‍ കഴിഞ്ഞത്. 2022 മുതല്‍ 21 ഏകദിനങ്ങള്‍ കളിച്ച താരം 38.36 ശരാശരിയില്‍ 729 റണ്‍സാണ് കണ്ടെത്തിയത്.

തിലക് വര്‍മ – ഐപിഎല്ലിലേയും ആഭ്യന്തര ക്രിക്കറ്റിലേയും പ്രകടന മികവിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്ബരയിലൂടെയാണ് തിലക് രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. ഇതുവരെ കളിച്ച ഏഴ് ടി20 മത്സരങ്ങളില്‍ നിന്നും 174 റണ്‍സും ഒരു വിക്കറ്റും താരം നേടിയിട്ടുണ്ട്. ഏകദിന സ്‌ക്വാഡിലേക്ക് തിലകിന് ഇതാദ്യമായാണ് വിളിയെത്തുന്നത്.

ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍) – ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടങ്കയ്യന്‍ ബാറ്ററായ താരത്തിന് ഓപ്പണിങ്ങിലും മധ്യനിരയിലും കളിക്കാന്‍ കഴിയും. 2022 മുതല്‍ 15 ഏകദിനങ്ങളില്‍ നിന്നും 48.76 ശരാശരിയില്‍ 634 റണ്‍സാണ് കിഷന്‍റെ സമ്ബാദ്യം.

ശ്രേയസ് അയ്യര്‍ – രാഹുലിനെപ്പോലെ പരിക്കിനെ തുടര്‍ന്നുള്ള ഇടവേള അവസാനിപ്പിച്ചാണ് ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുന്നത്. 2022 മുതല്‍ 20 ഏകദിനങ്ങള്‍ കളിച്ച താരം 51.12 ശരാശരിയില്‍ 818 റണ്‍സ് നേടിയിട്ടുണ്ട്.

സൂര്യകുമാര്‍ യാദവ്- ടി20 ഫോര്‍മാറ്റിലെ ഒന്നാം നമ്ബര്‍ ബാറ്ററാണെങ്കിലും സൂര്യയുടെ ഏകദിന ഫോം ദയനീയമാണ്.2022 മുതല്‍ 23 ഏകദിനങ്ങള്‍ കളിച്ച താരത്തിന് 20.36 ശരാശരിയില്‍ 387 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ) – ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ്‌ ഓള്‍റൗണ്ടറാണ് ഹാര്‍ദിക്. 2022 മുതല്‍ 14 ഏകദിനങ്ങളില്‍ നിന്നും 34.54 ശരാശരിയില്‍ 380 റണ്‍സാണ് താരം നേടിയത്. 16 വിക്കറ്റുകളും ഹാര്‍ദിക്കിന്‍റെ അക്കൗണ്ടിലുണ്ട്.

രവീന്ദ്ര ജഡേജ- ഇന്ത്യയുടെ സ്‌പിന്‍ ഓള്‍ റൗണ്ടര്‍മാരില്‍ പ്രധാനിയാണ് ജഡേജ. 2022 മുതല്‍ ഒമ്ബത് ഏകദിനങ്ങള്‍ മാത്രമാണ് ജഡേജ കളിച്ചിട്ടുള്ളത്, 149 റണ്‍സും ആറ് വിക്കറ്റും നേടിയിട്ടുണ്ട്.

ജസ്പ്രീത് ബുംറ- പരിക്ക് കാരണം 11 പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു.അയര്‍ലന്‍ഡിനെതിരായ ടി20 പരമ്ബരയിലൂടെയാണ് താരത്തെ സെലക്‌ടര്‍മാര്‍ തിരികെ എത്തിച്ചത്. പര്യടനത്തില്‍ മിന്നും പ്രകടനമാണ് താരം നടത്തുന്നത്. 2022 മുതല്‍ 5 ഏകദിനങ്ങളില്‍ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

മുഹമ്മദ് ഷമി – ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് യൂണിറ്റിനെ നയിച്ചിരുന്നത് ഷമിയായിരുന്നു. 2022 മുതല്‍ 11 ഏകദിനങ്ങളില്‍ നിന്നും 14 വിക്കറ്റുകളാണ് താരം നേടിയത്.

മുഹമ്മദ് സിറാജ്- കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വമ്ബന്‍ മികവിലേക്ക് ഉയര്‍ന്ന ഇന്ത്യന്‍ പേസറാണ് മുഹമ്മദ് സിറാജ്. 2022 മുതല്‍ 23 ഏകദിനങ്ങളില്‍ നിന്ന് 43 വിക്കറ്റുകളാണ് സിറാജ് നേടിയത്.

ശാര്‍ദുല്‍ താക്കൂര്‍ – ഇന്ത്യയുടെ മറ്റൊരു ഫാസ്റ്റ് ബൗളിങ്‌ ഓള്‍റൗണ്ടറാണ് ശാര്‍ദുല്‍. 2022 മുതല്‍ 23 ഏകദിനങ്ങളില്‍ നിന്ന് 208 റണ്‍സും 36 വിക്കറ്റും നേടിയിട്ടുണ്ട്.

കുല്‍ദീപ് യാദവ്- സമീപകാലത്ത് ഇന്ത്യന്‍ സ്‌പിന്‍ യൂണിറ്റില്‍ പ്രധാനിയാവാന്‍ ചൈനാമാൻ ബോളര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ അവസാനിച്ച വിന്‍ഡീസിനെതിരായ പരമ്ബരയില്‍ മിന്നും പ്രകടനമായിരുന്നു താരം നടത്തിയത്. 2022 മുതല്‍ 19 ഏകദിനങ്ങളില്‍ നിന്ന് 34 വിക്കറ്റുകളാണ് താരത്തിന്‍റെ സമ്ബാദ്യം.

അക്‌സര്‍ പട്ടേല്‍ – ഇന്ത്യയുടെ മറ്റൊരു സ്‌പിന്‍ ഓള്‍ റൗണ്ടറാണ് അക്‌സര്‍. 2022 മുതല്‍ 14 ഏകദിനങ്ങളില്‍ നിന്ന് 232 റണ്‍സും 13 വിക്കറ്റും നേടിയിട്ടുണ്ട്.

പ്രസിദ്ധ് കൃഷ്‌ണ – പരിക്കില്‍ നിന്ന് അടുത്തിടെയാണ് പ്രസിദ്ധും തിരിച്ചെത്തിയത്. 2022 മുതല്‍ 11 ഏകദിനങ്ങള്‍ കളിച്ച താരം 19 വിക്കറ്റ് വീഴ്ത്തി.

സഞ്ജു സാംസണ്‍ (ബാക്കപ്പ്) – കെഎല്‍ രാഹുലിന് നിസാരമായ പരിക്കുള്ളതിനാലാണ് ബാക്കപ്പായി സഞ്‌ജു സാംസണെ ടീമിലേക്ക് എടുത്തത്. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് സഞ്‌ജു. 2022 മുതല്‍ 13 മത്സരങ്ങളില്‍ നിന്ന് 55.71 ശരാശരിയില്‍ 390 റണ്‍സ് നേടിയിട്ടുണ്ട്.

വിൻഡീസ് പര്യടനത്തില്‍ തിളങ്ങാൻ കഴിയാതിരുന്നതാണ് സഞ്ജുവിന് തിരിച്ചടിയായത്. വിൻഡീസില്‍ രണ്ട് ഏകദിനത്തിലെ സ്കോര്‍ 9, 51. ട്വന്റി20യില്‍ 12, 7, 13. ഈ പര്യടനത്തിലെ മികവാണ് രണ്ടാംവിക്കറ്റ് കീപ്പറായി ഇഷാൻ കിഷന് അവസരമൊരുക്കിയത്. പ്രധാന വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ തിരിച്ചെത്തിയതോടെ സാധ്യത പൂര്‍ണമായി അടഞ്ഞു. ഇപ്പോള്‍ പകരക്കാരനായി ടീമില്‍ എടുക്കാൻ കാരണം രാഹുലിന്റെ ശാരീരികക്ഷമത സംബന്ധിച്ചുള്ള സംശയം കൊണ്ടാണ്.

Back to top button
error: