LIFEReligion

അനന്തപുരിയുടെ മുഖ്യഓണാഘോഷ ചടങ്ങ്; പത്മനാഭസ്വാമിക്ക് ഓണവില്ല് ഒരുക്കി തുടങ്ങി

തിരുവനന്തപുരം: പത്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പണമാണ് അനന്തപുരിയുടെ മുഖ്യ ഓണാഘോഷ ചടങ്ങ്. തിരുവോണ നാളില്‍ ശ്രീപദ്മനാഭന് സമര്‍പ്പിക്കാനുള്ള ആചാരവില്ലുകള്‍ മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ ഒരുക്കിത്തുടങ്ങി. പത്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മിക്കുന്നത്.

കരമന വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട് മൂത്താചാരി കുടുംബത്തിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള ഓണവില്ല് നിര്‍മിച്ച് മൂലമന്ത്രം ചൊല്ലി വരച്ച് സമര്‍പ്പിക്കാനുള്ള അവകാശം. നൂറ്റാണ്ടുകളായി ഈ കുടുംബമാണ് ഓണവില്ല് നിര്‍മിക്കുന്നത്. ആര്‍ ബിനുകുമാര്‍ ആചാരിയാണ് പ്രധാന ശില്‍പി. നാഗേന്ദ്രന്‍ ആചാരി, ആര്‍ സുദര്‍ശന്‍, എം പി ഉമേഷ് കുമാര്‍, ആര്‍ ബി കെ ആചാരി, ആര്‍ സുലഭന്‍, എന്നിവരും ഇളമുറക്കാരായ അനന്തപത്മനാഭന്‍, പ്രണവ് ദേവ്, ശിവപാര്‍വതി എന്നിവരും ചേര്‍ന്നാണ് ഇപ്പോള്‍ ഓണവില്ല് നിര്‍മിക്കുന്നത്.

Signature-ad

കടമ്പ്, മഹാഗണി എന്നിവയാണ് വില്ല് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ അനന്തശയനം, ലക്ഷമി, താടക, കാവല്‍ഭൂതങ്ങള്‍, മഹര്‍ഷി തുടങ്ങിയ ചിത്രങ്ങള്‍ വില്ലില്‍ വരയ്ക്കും. എട്ടു വില്ലുകളാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകളില്‍ ചാര്‍ത്തുന്നത്. വില്ലില്‍ ചുവന്ന ചരടും തുഞ്ചലവും കെട്ടും. ഇതു വിശ്വാസികള്‍ ക്ഷേത്രത്തില്‍നിന്നു വാങ്ങി വീടുകളില്‍ സൂക്ഷിക്കാറുണ്ട്. ഐശ്വര്യദായകമാണിതെന്നാണു വിശ്വാസം.

പ്രധാന ദേവനായ ശ്രീപത്മനാഭസ്വാമിയുടെ ചിത്രം വരയ്ക്കുന്നത് 4.5 അടി നീളവും 6 ഇഞ്ച് വീതിയും അര ഇഞ്ച് കനവുമുള്ള പലകയിലാണ്. നരസിംഹ മൂര്‍ത്തി, ശ്രീരാമസ്വാമി, ശാസ്താവ്, ശ്രീകൃഷ്ണന്‍, വിനായകന്‍ എന്നീ ദേവന്മാരുടെ കഥകളാണ് മറ്റുവില്ലുകളില്‍ വരയ്ക്കുന്നത്. കളമെഴുത്തിനുള്ള കളപ്പൊടി ഉപയോഗിച്ചാണ് ഇവ വരയ്ക്കുന്നത്. ഇരുവശവും മഴവില്ലുപോലെ വളഞ്ഞിരിക്കുന്നതുകൊണ്ടാണ് ഇവ വില്ല് എന്നറിയപ്പെടുന്നത്.

41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ് ഇവര്‍ വില്ല് നിര്‍മിക്കുന്നത്. തടിശേഖരിക്കുന്നതുമുതല്‍ തുടങ്ങുന്ന കഠിനവ്രതാനുഷ്ഠാനം ഓണവില്ല് സമര്‍പ്പണംവരെ നീളുന്നു. ഓണത്തിന്റെ വരവറിയിച്ചാണ് ഓണവില്ല് സമര്‍പ്പിക്കുന്നത്. തിരുവോണനാളില്‍ പുലര്‍ച്ചെയാണ് വില്ല് സമര്‍പ്പണം. പ്രജകളെ കാണാനെത്തുന്ന മാവേലിക്ക് കാണുന്നതിനുവേണ്ടി മഹാവിഷ്ണുവിന്റെ സന്നിധിയില്‍ ഓണവില്ല് സമര്‍പ്പിക്കുന്നുവെന്നാണ് ഐതിഹ്യം. കടമ്പ്, മഹാഗണി എന്നീ മരങ്ങളുടെ തടിയില്‍ ആറുതരം ഓണവില്ലുകളാണ് നിര്‍മിക്കുന്നത്.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ആചാരത്തിന്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്ന സമയത്ത്, വിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് മഹാബലി ആഗ്രഹം പ്രകടിപ്പിച്ചു. വിഷ്ണുവിന്റെ ഓരോ കാലങ്ങളിലേയും അവതാര ദര്‍ശനം തനിക്കു സാധ്യമാക്കണമെന്ന് വീണ്ടും മഹാബലി അപേക്ഷിച്ചു. ആ സമയം വിഷ്ണു വിശ്വകര്‍മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും കാലാകാലങ്ങളില്‍ അവതാര ചിത്രങ്ങള്‍ ഭഗവത് സന്നിധിയില്‍വച്ച് മഹാബലിയെ വരച്ചുകാട്ടണമെന്നും നിര്‍ദേശിച്ചു. ഇങ്ങനെ മഹാബലിക്കു വിഷ്ണുവിന്റെ അവതാര ചിത്രങ്ങള്‍ വരച്ചു കാട്ടാനാണ് പത്മനാഭ സ്വാമി സന്നിധിയിലേക്ക് ഓണവില്ല് നല്‍കുന്നതെന്ന് വിശ്വാസം.

 

 

 

Back to top button
error: