KeralaNEWS

വൈദ്യുതി ക്ഷാമം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു കഴിയും വരെ  “ഷോക്ക്‌ ട്രീറ്റ്‌മെന്റ്” ഇല്ല

കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ സംസ്‌ഥാന സര്‍ക്കാരിനെ വെട്ടിലാക്കി വൈദ്യുതി പ്രതിസന്ധി.ഒന്നുകില്‍ ലോഡ്‌ഷെഡിങ്‌ അല്ലെങ്കില്‍ നിരക്ക്‌ വര്‍ധന എന്ന നിലയിലാണ്‌ കാര്യങ്ങള്‍.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സമയത്തെ ലോഡ്‌ഷെഡിങ്ങിനെ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളിലൂടെ ഇടതുകേന്ദ്രങ്ങള്‍ വിമര്‍ശിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ വന്നശേഷം വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ലെന്ന അവകാശവാദവും ഉന്നയിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പു കഴിയും വരെ ഒരു “ഷോക്ക്‌ ട്രീറ്റ്‌മെന്റി”നു സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ല എന്നാണ് വിവരം.
മഴ ചതിച്ചതിനു പുറമേ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ‍ കരാർ റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയതും സർക്കാരിന് വലിയ തിരിച്ചടിയായി.വരും ദിവസങ്ങളില്‍ മഴ ശക്‌തമായില്ലെങ്കില്‍ ബോര്‍ഡിന്റെ നട്ടെല്ല്‌ ഒടിയും. ഇപ്പോള്‍ത്തന്നെ 1500 കോടി രൂപയാണ്‌ ബാധ്യത. പുറത്തുനിന്നു കൂടിയ വിലയ്‌ക്കു വൈദ്യുതി വാങ്ങിയാണ്‌ കെ.എസ്‌.ഇ.ബി. മുന്നോട്ടുപോകുന്നത്‌. ഇതിലൂടെമാത്രം പ്രതിദിനം 10 കോടി രൂപയാണ്‌ നഷ്‌ടം.

പറമ്ബിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന്‌ അര്‍ഹതപ്പെട്ട വെള്ളം തമിഴ്‌നാട്‌ നല്‍കാത്തതാണ്‌ മറ്റൊരു പ്രശ്‌നം. രണ്ടു ടി.എം.സി. വെള്ളംകൂടി തമിഴ്‌നാട്‌ നല്‍കിയാലേ അണക്കെട്ട്‌ നിറയൂ. അതിനുശേഷം വരുന്ന വെള്ളമാണ്‌ വൈദ്യുതി ഉല്‍പ്പാദനത്തിന്‌ ഉപയോഗിക്കേണ്ടത്‌. അത്‌ നടക്കുമെന്ന പ്രതീക്ഷ ഇപ്പോഴില്ല.

Signature-ad

ഇപ്പോള്‍ ഇടുക്കിയിലടക്കം കേരളത്തിലെ പ്രധാനപ്പെട്ട നാല്‌ ജലവൈദ്യുതപദ്ധതികളിലും 39% ല്‍ താഴെയാണ്‌ വെള്ളം.
സംസ്‌ഥാനത്ത്‌ ഏറ്റവും കുറവ്‌ മഴ ലഭിച്ചതും ഇടുക്കിയിലാണ്‌. കാര്യങ്ങള്‍ ഈ നിലയ്‌ക്കു പോയാല്‍, നിയന്ത്രണങ്ങളും ചാര്‍ജ്‌ വര്‍ധനയും വേണ്ടിവരുമെന്ന്‌ മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി വ്യക്‌തമാക്കിയിരുന്നു. ലോഡ്‌ ഷെഡിങ്‌ വേണോ എന്നതില്‍ മുഖ്യമന്ത്രിയാകും അന്തിമതീരുമാനം കൈക്കൊള്ളുക. ഈ മാസം 21ന്‌ ബോര്‍ഡിന്റെ വിലയിരുത്തല്‍ വന്നശേഷമേ തീരുമാനമെടുക്കൂ.അതെന്തായാലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നടപ്പാക്കില്ലെന്നാണ് വിവരം.

Back to top button
error: