12 വയസുമുതല്‍ പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് കോടതി 97 വര്‍ഷം കഠിനതടവും എട്ടരലക്ഷം രൂപ പിഴയും വിധിച്ചു. കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി സയ്യിദ് മുഹമ്മദ് ബഷീറിനെയാണ് (41) കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (ഒന്ന്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ എട്ടരവർഷം അധിക കഠിനതടവും അനുഭവിക്കണമെന്ന് ജഡ്ജി എ.മനോജ് ശിക്ഷ വിധിച്ചു.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി പിഴതുക നല്‍കാനും കോടതി നിര്‍ദേശിച്ചു. മുഹമ്മദ് ബഷീര്‍ കുറ്റക്കാരനാണെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ച തിരിഞ്ഞാണ് പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്.
നിർധനയും നിരാലംബയുമായ കുട്ടിയെ സംരക്ഷിക്കേണ്ട വ്യക്തി തന്നെ ദുരുപയോഗം ചെയ്ത കേസിലാണ് കോടതിയുടെ ശിക്ഷ. പഠിക്കാനും മറ്റും സാമ്പത്തികമായി സഹായിക്കാം എന്ന വ്യാജേന കുടുംബവുമായി ബന്ധം സ്ഥാപിച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. മൂന്നുവർഷക്കാലം വിവിധ ദിവസങ്ങളിലായി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
വിദേശത്ത് ജോലിയുണ്ടായിരുന്ന പ്രതി അവധിക്ക് നാട്ടിലെത്തിയ സമയത്താണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. 12 വയസ്സാകുന്നതിന് മുൻപു തന്നെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു. 2013 ഡിസംബര്‍ മുതല്‍ 2014 ജൂണ്‍ വരെയും 2014 ജുലായിലെ പല ദിവസങ്ങളിലും 2016 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുമുള്ള ദിവസങ്ങളിലുമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഇതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലാവുകയും ഇതിന് ചികിത്സ തേടുകയും ചെയ്തു. അങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടി മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പത്താംക്ലാസ് പരീക്ഷക്ക് ശേഷം കുട്ടി കടുത്ത വിഷാദരോഗത്തിന് അടിമയായി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഇതിനുശേഷം കേസുമായി മുന്നോട്ടുപോയ കുട്ടിയുടെ കുടുംബത്തെ സ്വാധിനീച്ച് മൊഴി മാറ്റിപ്പിച്ചിരുന്നു. അന്വേഷണസമയത്ത് പോലീസിനു മുന്നിലും ആദ്യം കോടതിയിലും പീഡനവിവരങ്ങൾ തുറന്നുപറഞ്ഞ കുട്ടിയെ പിന്നീട് പ്രതിയുമായി ബന്ധപ്പെട്ടവർ സമീപിച്ച് മൊഴിമാറ്റിപ്പിച്ചതായാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ഈ നീക്കമുണ്ടായിട്ടും മറ്റു തെളിവുകളും രേഖകളും എതിരായതാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിക്കാൻ കാരണം. 16 സാക്ഷികളെ വിസ്തരിച്ച കേസിൽ 20 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി.
ഇന്ത്യൻ ശിക്ഷാനിയമപ്രകാരം പീഡനം, പ്രകൃതിവിരുദ്ധ പീഡനം, പോക്സോ നിയമപ്രകാരം സംരക്ഷണം നൽകേണ്ട ബന്ധു തന്നെ പീഡിപ്പിക്കൽ, 12 വയസ്സാകുന്നതിന് മുൻപുള്ള പീഡനം തുടങ്ങിയ വകുപ്പുകൾപ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. മഞ്ചേശ്വരം എസ്.ഐ.യായിരുന്ന സുഭാഷ് ചന്ദ്രൻ പ്രാഥമികവിവര റിപ്പോർട്ട് തയ്യാറാക്കിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടറാർ ഇ.അനൂപ്കുമാറാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ (പോക്സോ) പ്രകാശ് അമ്മണ്ണായ ഹാജരായി.