നടുന്ന രീതി
ഇടത്തരം പൊക്കത്തില്‍ വളരുന്ന ചെടിയാണിത്. വിത്ത് പാകി, തൈകള്‍ കിളിര്‍പ്പിച്ചെടുത്തും എയര്‍ ലെയറിംഗ് രീതി മുഖേനയും റംമ്പൂട്ടാന്റെ വംശവര്‍ദ്ധനവ് നടത്തിവരുന്നുണ്ട്. ചെറുവിരല്‍ വണ്ണമുളള ചില്ലകളില്‍ ലെയറിംഗ് ചെയ്യാം. മഴ തുടങ്ങുന്ന അവസരത്തിലാണ് ഇത് ചെയ്യേണ്ടത്. ചെറുവിരല്‍ കനത്തിലുളള കമ്പുകള്‍ തെരഞ്ഞെടുത്ത്, അതിന്റെ അറ്റത്തു നിന്നും 45 സെന്റിമീറ്റര്‍ താഴെയായിട്ടാണ് ലെയറിംഗ് നടത്തേണ്ടത്.
രണ്ടര സെന്റീമീറ്റര്‍ നീളത്തിലായി കമ്പില്‍ നിന്ന് തൊലി നീക്കണം. ഇങ്ങനെ തൊലി നീക്കിയ ഭാഗത്ത് അറക്കപ്പൊടി, മണല്‍, ചകിരിച്ചോറ് എന്നിവ ചേര്‍ത്ത മിശ്രിതം വച്ച് നന്നായി അമര്‍ത്തി പോളീത്തീന്‍ കവറിനാല്‍ ബന്ധിക്കണം. രണ്ടു മാസം കഴിയുന്നതോടെ ഈ ഭാഗത്ത് വേര് തേടി കഴിഞ്ഞിട്ടുണ്ടാകും. നന്നായി വേരു വന്നാല്‍ മുറിച്ചെടുത്ത് നട്ടുപിടിപ്പിക്കാം. വിത്തുകള്‍ നേരിട്ട് മണ്ണിലും നടാം. തൈകളാണ് ഒന്നുകൂടി നല്ലത്. മഴ സമയത്ത് നടുന്നതാണ് നല്ലത്. ഒന്നിലേറെ തൈകള്‍ നടുന്നയവസരത്തില്‍ ആവശ്യത്തിന് അകലം നല്‍കണം. ജൈവവളം ചേര്‍ത്ത് നന്നായി നനക്കുന്നത് റംമ്പൂട്ടാന്റെ വിളവ് കൂട്ടും. മൂന്നു- നാലു വര്‍ഷം കൊണ്ടു കായ്ച്ചു തുടങ്ങും.