CrimeNEWS

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ തലവേദന; അസ്ഫാക് നാട്ടുക്കൂട്ടം ഇടപെട്ട് പുറന്തള്ളിയ ‘അസുരവിത്ത്’

എറണാകുളം: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകക്കേസിലെ പ്രതി അസ്ഫാക് ആലത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ അന്വേഷണ സംഘം എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരാക്കും. തത്കാലം കസ്റ്റഡി കാലാവധി നീട്ടി വാങ്ങേണ്ട എന്നാണ് തീരുമാനം. ആവശ്യമുണ്ടെങ്കില്‍ പിന്നീട് അപേക്ഷ നല്‍കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.

കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ അസ്ഫാക് ആലത്തെ ആലുവ സബ് ജയിലിലടയ്ക്കും. അസ്ഫാക്കിന്റെ മുന്‍കാല വിവരങ്ങള്‍ തേടി ഡല്‍ഹിയിലും ബിഹാറിലുമെത്തിയ അന്വേഷണ സംഘം രണ്ട് ദിവസങ്ങള്‍ക്കകം തിരിച്ചെത്തും. മദ്യപനും സാമൂഹികവിരുദ്ധനുമായ അസ്ഫാക്കിനെ നാട്ടുകാരുടെ ആവശ്യപ്രകാരം വീട്ടില്‍നിന്നു പുറത്താക്കിയതാണെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Signature-ad

പ്രതി നേരത്തേ ജോലി ചെയ്തിരുന്ന ഖാസിപുര്‍ മത്സ്യമാര്‍ക്കറ്റിലെത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഖാസിപുര്‍ ഡെയറി ഫാം പോലീസ് സ്റ്റേഷനില്‍ 2018 ലെ പോക്‌സോ കേസിലെ പ്രതിയാണ് അസ്ഫാക്. ഈ കേസിലെ പത്ത് വയസ്സുകാരിയായ ഇരയെയും പിതാവിനെയും കണ്ട് മൊഴി ശേഖരിച്ചിട്ടുണ്ട്. 2018-ല്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ട ശേഷം ഒരു വര്‍ഷത്തോളം അസ്ഫാക് ഖാസിപുരില്‍ ജോലി ചെയ്തിരുന്നു.

ബിഹാര്‍ മിഥിലയിലെ ഖോരാകച്ചിയിലെ വീട്ടിലെത്തിയ മറ്റൊരു അന്വേഷണ സംഘം പ്രതിയുടെ മാതാവിന്റെയും പിതാവിന്റെയും ജ്യേഷ്ഠ സഹോദരന്റെയും മൊഴിയെടുത്തു. ഇയാള്‍ സ്ഥിരമായി മദ്യപിക്കുന്നയാളാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ബിഹാര്‍ മദ്യനിരോധനമുള്ള സംസ്ഥാനമാണ്. അടുത്തുള്ള നേപ്പാള്‍ മേഖലയില്‍ നിന്ന് മദ്യം കടത്തിക്കൊണ്ടുവന്നാണ് കുടിച്ചിരുന്നത്. പൊതുശല്യമായി മാറിയതോടെ ഒന്നര വര്‍ഷം മുന്‍പാണ് വീട്ടില്‍നിന്ന് പുറത്താക്കിയത്. ഗ്രാമസഭ വിളിച്ചുചേര്‍ത്താണ് അസ്ഫാക്കിനെ പുറത്താക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Back to top button
error: