‘ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ ബുദ്ധിമുട്ടണ്ട, യൂണിയന്‍ ഓഫീസില്‍ വിളിക്കണം, ഒരു മണിക്കൂറിനുള്ളില്‍ ശവമടക്കിനുള്ള പണവുമായി എത്തും’

‘ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ ബുദ്ധിമുട്ടണ്ട. എന്റെ യൂണിയന്‍ ഓഫീസില്‍ വിളിക്കണം, അവര്‍ ഒരു മണിക്കൂറിനുള്ളില്‍ എന്റെ ശവമടക്കിനുള്ള പണവുമായി ഇവിടെ എത്തും’, അന്‍പത് വര്‍ഷത്തോളം കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന ഭാര്യാ പിതാവ് ജീവിച്ചരുന്ന കാലമത്രയും ഈ ഉറപ്പിന്മേലാണ് കഴിഞ്ഞത്. എന്നാല്‍, അദ്ദേഹം മരിച്ച് ഒരു വര്‍ഷത്തോടടുക്കുമ്പോഴും ആ വിശ്വാസം പാലിക്കപ്പെടാത്തതിന്റെ നോവ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരന്‍ ശ്രീകണ്ഠന്‍ കരിക്കകം.
കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്റെ പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചാണ് ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം വിവരിച്ചിരിക്കുന്നത്. പണിക്കിറങ്ങിയ കാലം മുതല്‍ തുച്ഛമായ ശമ്പളത്തില്‍ നിന്ന് മിച്ചംപിടിച്ച് ഒരു മാസം പോലും മുടക്കം വരുത്താതെ അടച്ച പണമാണ് ഇന്നും ഫയലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്.
ശ്രീകണ്ഠന്‍ കരിക്കകം പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
എന്റെ ഭാര്യയുടെ അച്ഛന്‍ ഏതാണ്ട് അന്‍പത് വര്‍ഷത്തോളം കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. ചെളിയും മണ്ണും സിമന്റും ഒക്കെ കുഴഞ്ഞുമറിഞ്ഞ ഒരു തരം കോണ്‍ക്രീറ്റ് ജീവിതം! പല തവണ അപകടങ്ങള്‍. രോഗങ്ങള്‍. പണിക്കിറങ്ങിയ കാലത്തു തന്നെ കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്റെ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നു. ഒരു മണ്‍കുടുക്കയില്‍ ദിവസവും കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ നിന്നും ചില്ലറ തുട്ടുകള്‍ ശേഖരിച്ച് ഒരൊറ്റ മാസം പോലും മുടങ്ങാതെ പണം അടച്ചു. മരുമകനായി ഞാന്‍ ആ വീട്ടില്‍ ഞാന്‍ ചെന്ന നാളുകളിലൊന്നില്‍ അദ്ദേഹം പറഞ്ഞു:
‘ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ ബുദ്ധിമുട്ടണ്ട. എന്റെ യൂണിയന്‍ ഓഫീസില്‍ വിളിക്കണം, അവര്‍ ഒരു മണിക്കൂറിനുള്ളില്‍ എന്റെ ശവമടക്കിനുള്ള പണവുമായി ഇവിടെ എത്തും ‘
എനിക്കഭിമാനം തോന്നി. ലോകത്തൊരിടത്തും കാണില്ല, ഇങ്ങനെ ഇത്രയും കെട്ടുറപ്പുള്ള സംഘടനാ സംവിധാനം! ദിവസക്കൂലിക്കാരന്റെ ശവം കിടന്ന് നാറില്ല!
കഴിഞ്ഞ വര്‍ഷം പതിനൊന്നാം മാസം ഭാര്യാപിതാവ് മരണമടഞ്ഞു. ഏതാണ്ട് മരണം ഉറപ്പിച്ച നാളുകളിലൊന്നിലും അദ്ദേഹം ഭാര്യയെ കണ്ണീരിലാക്കാന്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചു.
മരിച്ചു കഴിഞ്ഞയുടന്‍ ഞാന്‍ അദ്ദേഹം ജീവിച്ചിരിക്കെ പറഞ്ഞതുപോലെ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെട്ടു.
ആ ഫോണ്‍ നമ്പര്‍ നിലവിലുണ്ടായിരുന്നില്ല!റീത്തും പണവും ഒന്നും വന്നില്ലാ.
ഞങ്ങള്‍ അതു വിട്ടു. കാര്യങ്ങളെല്ലാം ഭംഗിയായി നടത്തി. അതിനിടയിലും ഭാര്യയുടെ അമ്മയുടെ നിര്‍ബന്ധത്താല്‍ ഞാന്‍ ആ ഓഫീസില്‍ പോയി. കാര്യങ്ങള്‍ പറഞ്ഞു. അവിടെ നിന്ന്, മുഖത്ത് നോക്കാത്ത, വ്യക്തയില്ലാത്ത ശൈത്യനിഗൂഢതയുള്ള മറുപടികള്‍!
മരണപ്പെട്ട മനുഷ്യന്റെ വലിയ പ്രതീക്ഷയും ബലവും ആയിരുന്നല്ലോ – ഇത്! എന്നോര്‍ത്തു.
യു.ആര്‍. അനന്തമൂര്‍ത്തിയുടെ സംസ്‌ക്കാര എന്ന നോവലില്‍ സംസ്‌ക്കാര കര്‍മങ്ങള്‍ നടത്തുവാനാകാതെ ചീയുന്ന ഒരു മൃതശരീരമുണ്ട്. നോവലിലെ പ്രധാന കഥാപാത്രം! അതുപോലെ കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ നിന്നും കിട്ടുന്ന മൂവായിരം രൂപയും പ്രതീക്ഷിച്ച് ശവക്കച്ചയും പുതച്ച് കിടക്കുന്ന ഭാര്യാപിതാവിനെ ഞാന്‍ മടക്കയാത്രയില്‍ കണ്ടു. (അവര്‍ തരുന്ന മൂവായിരം രൂപ ഇന്നത്തെ കാലത്ത് അടക്കം നടത്താന്‍ ഒരു കുഴി എടുക്കാന്‍ വരുന്നയാള്‍ക്ക് കൊടുക്കാന്‍ തികയാത്ത പണമാണത്. )
തൈക്കാടുള്ള ആ ഓഫീസില്‍ ഞാന്‍ ഒരു വാശിയോടെ നിരന്തരം കയറിയിറങ്ങി. മുവായിരം രൂപ മരണപ്പെട്ടയാളിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞ് കുറേ രേഖകള്‍ വാങ്ങിച്ചു. ഒരു ടോക്കണ്‍ തന്നു. ഇനി ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ ആ വിയോഗത്തിന് ഒരു വര്‍ഷം തികയും. ഭാര്യയുടെ അമ്മ ഇപ്പോഴും ഭര്‍ത്താവിന്റെ പഴയ തൊഴിലിനെക്കുറിച്ചും അന്ന് കിട്ടിയിരുന്ന പത്തു രൂപ കൂലിയെക്കുറിച്ചും അതില്‍ നിന്നും ചില്ലറ പൈസ ശേഖരിക്കുന്നതിനെക്കുറിച്ചെല്ലാം പറയും. സങ്കടമാണ് അതെല്ലാം കേള്‍ക്കുന്നത്.
‘വീട് പട്ടിണി കിടക്കുമ്പോഴും അതില്‍ നിന്നും ചില്ലി കാശ് എടുത്തിട്ടില്ല. ഒരു ദിവസത്തെ പണികളഞ്ഞാണ് പലപ്പോഴും കാശ് കൊണ്ടടയ്ക്കാന്‍ പോയിരുന്നത്. ‘ അവര്‍ പറയും.
ഈ ഓണത്തിനും ആ പണം കിട്ടില്ല. ഇനി ഒരിക്കലും കിട്ടിയെന്നും വരില്ല. ആരുടെ വിശ്വാസങ്ങളെ എറിഞ്ഞുടച്ചാലും ഇത്തരം മനുഷ്യരുടെ ഉള്ളിലെ വിശ്വാസങ്ങളെ തകര്‍ക്കരുത്. ഈ മണ്‍കുടുക്കകള്‍ പൊട്ടിയാല്‍ പിന്നെ കൂട്ടിച്ചേര്‍ക്കാന്‍ പ്രയാസമാണ്.






