
തിരുവനന്തപുരം: പുസ്തകങ്ങളില്‍ അക്ഷരത്തെറ്റുകളും വസ്തുതാപരമായ പിഴവുകളും വരുന്നത് പുതിയ കാര്യമല്ല. എന്നാല്‍ കര്‍ഷകരെ സഹായിക്കാന്‍ ഇറക്കിയ കൈപ്പുസ്തകം നിറയെ അബദ്ധങ്ങളായാലോ? അത്തരത്തിലൊന്നാണ് മൃഗസംരക്ഷണ വകുപ്പിന് പറ്റിയത്. മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്നിലെ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റര്‍ കര്‍ഷകര്‍ക്കായി പുറത്തിറക്കിയ കൈപ്പുസ്തകമാണ് അബദ്ധങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത്.
ആട് 67.5 വര്‍ഷം കൊണ്ട് 3035 കിലോ വളരുമെന്നും ഇതിനായി ദിവസവും 34 കിലോ പച്ചിലയോ തീറ്റപ്പുല്ലോ നല്‍കണമെന്നും പുസ്തകത്തില്‍ പറയുന്നു. ഇത് വായിച്ച കര്‍ഷകരുടെ കണ്ണുതള്ളിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരു ആടിന് ശരാശരി 15-20 വര്‍ഷമാണ് പരമാവധി ആയുസ്. 10-15 വര്‍ഷം മാത്രം ആയുസുള്ള താറാവ് 23 വര്‍ഷം മുട്ടയിടുമെന്നും മുയലിന് 68 പ്രസവം നടക്കുമെന്നുമെല്ലാം പുസ്തകത്തില്‍ പറയുന്നു. വര്‍ഷത്തില്‍ 6-8 പ്രവസമാണ് മുയലിനുള്ളത്.
കറവപ്പശു, ആട്, കോഴി, ഇറച്ചിക്കോഴി, താറാവ്, ടര്‍ക്കി എന്നിവയുടെ വളര്‍ത്തല്‍, ആഹാരക്രമം, പ്രത്യുല്‍പാദനം തുടങ്ങിയവയെ കുറിച്ചാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. പുസ്തകത്തിന്റെ 30,000 കോപ്പി ഇതിനോടകം അച്ചടിച്ചുവെന്നും കൊച്ചി കാക്കനാട്ടുള്ള സ്ഥാപനത്തിലാണ് പ്രിന്റിങ്ങ് നടത്തിയത്. ഇതു കുടപ്പനക്കുന്നിലെത്തിച്ചാണ് പരിശീലന കേന്ദ്രങ്ങളിലേക്കും മൃഗാശുപത്രികളിലേക്കും മറ്റും വിതരണം ചെയ്യുന്നത്.
പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഒഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട പത്രാധിപ സമിതി പരിശോധിച്ച ശേഷം പുസ്തകം ഇറക്കണമെന്നാണ് വകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഉള്ളടക്കം, എഡിറ്റിങ് തുടങ്ങിയവയുടെ ചുമതല മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ്.
മലയാളം അറിയാത്ത ഡിസൈനറെ കൂട്ടുപിടിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് തെറ്റുനിറഞ്ഞ കൈപ്പുസ്തകം പുറത്തിറക്കി എന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതുവഴി സര്‍ക്കാരിന് വന്ന നഷ്ടം ബന്ധപ്പെട്ടവരില്‍ നിന്ന് തിരിച്ചുപിടിക്കണമെന്ന ആവശ്യവും ശക്തമാണ്.






