IndiaNEWS

ഇന്ത്യന്‍ വിസ കെടക്കറിത് റൊമ്പ കഷ്ടം! ജോധ്പുര്‍ സ്വദേശിയെ ഓണ്‍ലൈനായി വിവാഹം ചെയ്ത് പാകിസ്ഥാന്‍കാരി

ജയ്പുര്‍/കറാച്ചി: ഇന്ത്യന്‍ വിസ ലഭിക്കാത്തതിനാല്‍ പാകിസ്ഥാന്‍ യുവതി ജോധ്പുര്‍ സ്വദേശിയെ ഓണ്‍ലൈനായി വിവാഹം കഴിച്ചു. മൊബൈല്‍ ഗെയിമിലൂടെ പരിചയപ്പെട്ട നോയിഡ സ്വദേശിയെ വിവാഹം കഴിക്കാന്‍ പാകിസ്ഥാന്‍കാരി സീമ ഹൈദര്‍ തന്റെ നാലു കുട്ടികളുമായി ഇന്ത്യയിലേക്ക് വന്നതിനുശേഷം അതിര്‍ത്തി കടന്നുള്ള പ്രണയങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഈ സംഭവം. കറാച്ചി സ്വദേശിനിയായ അമീന തന്റെ വിവാഹത്തിന് വിസ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ പ്രതിശ്രുതവരനായ അര്‍ബാസ് ഖാനുമായി ഓണ്‍ലൈനായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

”അമീന വീസയ്ക്ക് അപേക്ഷിക്കും. അംഗീകാരമില്ലാത്തതിനാലാണ് ഞാന്‍ പാക്കിസ്ഥാനിലേക്ക് പോയി വിവാഹം കഴിക്കാതിരുന്നത്. ഇന്ത്യയില്‍ എത്തിയാല്‍ ഞങ്ങള്‍ വീണ്ടും വിവാഹം കഴിക്കേണ്ടിവരും.” ബുധനാഴ്ച ചടങ്ങിന് ശേഷം അര്‍ബാസ് പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അര്‍ബാസ് ഖാന്‍, തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് ജോധ്പുരിലെ ഓസ്വാള്‍ സമാജ് ഭവനില്‍ വെര്‍ച്വല്‍ വിവാഹച്ചടങ്ങിന് എത്തിയത്. ‘നിക്കാഹ്’ മാത്രമല്ല, വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുകയും ചെയ്തു. ജോധ്പുര്‍ ഖാസിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

Signature-ad

അമീനയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച അര്‍ബാസ്, ഇതു വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും പാക്കിസ്ഥാനിലുള്ള തന്റെ ബന്ധുക്കളാണ് ആലോചന കൊണ്ടുവന്നതെന്നും പറഞ്ഞു. ”ഇരു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഈ ദിവസങ്ങളില്‍ ശരിയല്ലാത്തതിനാലാണ് നിക്കാഹ് ഓണ്‍ലൈനില്‍ നടത്താന്‍ കാരണം.” അദ്ദേഹം പറയുന്നു. അമീനയ്ക്ക് ഉടന്‍ വിസ ലഭിക്കുമെന്നും ഇന്ത്യയിലേക്ക് മാറാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും അര്‍ബാസ് വ്യക്തമാക്കി.

Back to top button
error: