മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ഇന്ത്യക്കാരുള്‍പ്പടെ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 18 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ പ്രാദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ പാസഞ്ചര്‍ ബസ് ഹൈവേയില്‍ നിന്ന് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ കൂടുതലും വിദേശികളാണെന്നും യുഎസ് അതിര്‍ത്തിയിലേക്ക് പോകുകയാണെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ യുഎസിലേക്ക് അനധികൃതമായി കുടിയേറാന്‍ പോവുകയായിരുന്നുവെന്നാണ് നിഗമനം.
യുഎസ് അതിര്‍ത്തി പങ്കിടുന്ന നഗരമായ ടിജുവാനയിലേക്കുള്ള ബസ് ആണ് അപകടത്തില്‍പെട്ടത്. 42 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരായിരുന്നുതെന്നാണ് റിപ്പോര്‍ട്ട്. 20 ഓളം ആളുകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം അനുസരിച്ച് എലൈറ്റ് പാസഞ്ചര്‍ ലൈനിന്റെ ഭാഗമായ ബസ് ആണ് അപകടത്തില്‍പെട്ടത്. അപകടം നടന്ന മലയിടുക്കിന് 40 മീറ്ററിലധികം ആഴമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം അങ്ങേയറ്റം ദുഷ്‌കരമാണ്. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം, അപകടത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബസ് കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.
ബസ് യാത്രക്കാരില്‍ എത്ര ഇന്ത്യന്‍ വംശജരുണ്ടായിരുന്നുവെന്നോ ഇവര്‍ ആരാണെന്നോ കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം, തെക്കന്‍ സംസ്ഥാനമായ ഒക്‌സാക്കയില്‍ ബസ് അപകടത്തില്‍ 29 പേര്‍ മരിച്ചിരുന്നു. ഫെബ്രുവരിയില്‍ ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാരുമായി പോയ ബസ് മധ്യ മെക്‌സിക്കോയില്‍ തകര്‍ന്ന് 17 പേര്‍ മരിച്ചിരുന്നു.