CrimeNEWS

ഫോണിനായി യുവാവിനെക്കൊണ്ട് കാലുപിടിപ്പിച്ച് ഗുണ്ടാനേതാവ്; തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം. ഗുണ്ടാസംഘം യുവാവിനെ കൊണ്ട് കാലില്‍ ചുംബിപ്പിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്. തുമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടാഴ്ച മുന്‍പാണ് സംഭവം. സംഭവത്തെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഗുണ്ട എയര്‍പോര്‍ട്ട് ഡാനിയും (ഡാനിയല്‍-34) ഇയാളുടെ കൂട്ടാളികളുമാണ് യുവാവിനെ വിളിച്ചു വരുത്തി കാലു പിടിപ്പിച്ചത്.

കഴിഞ്ഞദിവസം വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരില്‍ ഡാനിയും സംഘവും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് യുവാവിനെ മര്‍ദിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ഫോണ്‍ തിരികെ നല്‍കാമെന്ന് പറഞ്ഞാണ് യുവാവിനെ തുമ്പ കരിമണല്‍ മേഖലയിലേക്ക് വിളിച്ചുവരുത്തിയത്. ഫോണ്‍ വാങ്ങാനായി രാത്രി ബൈക്കിലെത്തിയ യുവാവിനെ ഡാനി ഭീഷണിപ്പെടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

Signature-ad

ഫോണ്‍ വേണമെങ്കില്‍ കാലുപിടിക്കണമെന്നായിരുന്നു ഡാനിയുടെ ആദ്യത്തെ ആവശ്യം. ഇതനുസരിച്ച് യുവാവ് കാലില്‍ തൊട്ടപ്പോള്‍ അത് പോര, കാലില്‍ പിടിച്ചുനില്‍ക്കണമെന്നായി. ഒപ്പം കാലില്‍ ചുംബിക്കണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ യുവാവിനെക്കൊണ്ട് കാലുപിടിപ്പിച്ച് ചുംബിപ്പിച്ചശേഷമാണ് ഫോണ്‍ തിരികെ നല്‍കിയത്. ഇതിനിടെ ഡാനിയുടെ കൂട്ടാളികള്‍ യുവാവിനെ മര്‍ദിക്കാന്‍ തുനിയുന്നുണ്ടെങ്കിലും ഡാനി ഇവരെ തടഞ്ഞുനിര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

Back to top button
error: