ഗണപതി മിത്തല്ല എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. വിശ്വാസം ഇല്ലാത്ത ഒരാള്‍ അതില്‍ വിശ്വാസമില്ലെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. സാമുഹ്യ ശാസ്ത്രം, സാഹിത്യം എന്നിവ പഠിപ്പിക്കുമ്ബോള്‍ മിത്തിനെ കുറിച്ച് പഠിപ്പിക്കാം. പക്ഷേ അത് ശാസ്ത്രമല്ല. ഷംസീര്‍ പറഞ്ഞത് ഇങ്ങനെയുള്ള വിശ്വാസങ്ങളെ ശാസ്ത്രമായി പ്രചരിപ്പിക്കുന്നതിനെതിരേയാണ്. അത് കേരളത്തില്‍ ആരാണ് പറയാത്തത്.
ഷംസീര്‍ ഇങ്ങനെ പറഞ്ഞു എന്നതിലാണ് കേരളത്തില്‍ ചിലര്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള വലിയ പരിശ്രമത്തിന്റെ ഭാഗമാണിത്. ഇതൊന്നും യാദൃശ്ചികമായി നടക്കുന്നതല്ല. വളരെ ബോധപൂര്‍വം വര്‍ഗീയ അതിപ്രസരം സൃഷ്ടിക്കാന്‍ ചില കരുനീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
നമ്മുടെ പുരാണങ്ങള്‍ മാത്രമല്ല ഗ്രീക്ക് പുരാണങ്ങളിലും പാതി മനുഷ്യനും പാതി കുതിര പോലുള്ള മൃഗങ്ങളായിട്ടുള്ള എത്രയോ മിത്തുകളുണ്ട്. ഇതൊക്കെ വിശ്വാസത്തിന്റെ ഒരു കാലഘട്ടത്തിന്റെ ഭാഗമാണ്. അത് വിശ്വസിക്കുന്നവരെയൊന്നും നമ്മള്‍ ചോദ്യംചെയ്യുന്നില്ല. നമ്മുടെ കുഞ്ഞുങ്ങളെ അത് ശാസ്ത്രം എന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റില്ല എന്നല്ലേ ഷംസീര്‍ പറഞ്ഞത്. ഇനി ഒരാള്‍ക്ക് ഇത് മിത്താണെന്ന് അഭിപ്രായം ഉണ്ടെങ്കില്‍ അതിനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.- തോമസ് ഐസക് പറഞ്ഞു.
ശബരിമല കാലത്തെ മോഹം കണ്ടിട്ട് കോണ്‍ഗ്രസും അതിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും അന്യോന്യം അറിഞ്ഞുകൊണ്ടുള്ള കളികളാണ് നടക്കുന്നത്. അതിനെ രാഷ്ട്രീയമായി നേരിടും. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.