ഗുരുഗ്രാം: ഹരിയാനയിലെ നൂഹില്‍ തിങ്കളാഴ്ചയുണ്ടായ അക്രമത്തില്‍നിന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും മൂന്നു വയസ്സുള്ള മകളും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് എഫ്‌ഐആര്‍. നൂഹ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അഞ്ജലി ജൈനും മകളും ഗണ്‍മാനും കാറില്‍ സഞ്ചരിക്കുമ്പോളാണ് ആക്രമണമുണ്ടായത്. കാറിനു നേരെ കല്ലെറിയുകയും തുടര്‍ന്ന് തീവയ്ക്കുകയുമായിരുന്നു. ജഡ്ജിയെയും മകളെയും ഗണ്‍മാന്റെ സഹായത്തോടെ അടുത്തുണ്ടായിരുന്ന വര്‍ക്ക്‌ഷോപ്പിലേക്കു മാറ്റുകയായിരുന്നു. നൂഹിലെ പഴയ ബസ് സ്റ്റാന്‍ഡിനു സമീപമാണ് അക്രമമുണ്ടായത്. അഭിഭാഷകരെത്തിയാണ് ഇവരെ സുരക്ഷിത സ്ഥലത്തേക്കു കൊണ്ടുപോയത്.
എസ്‌കെഎം മെഡിക്കല്‍ കോളജില്‍ മരുന്നു വാങ്ങാന്‍ പോയി മടങ്ങി വരുമ്പോള്‍ ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. നൂറ്റമ്പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കല്ലേറു തുടങ്ങിയതോടെ കാറില്‍നിന്ന് ഇറങ്ങി ഓടി വര്‍ക്ക്‌ഷോപ്പില്‍ അഭയം തേടുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
അതേസമയം, ഹരിയാനയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് നീട്ടി. ഈ മാസം അഞ്ച് വരെ വിലക്ക് തുടരുമെന്നാണ് അറിയിപ്പ്. കാലപം ശക്തമായ നൂഹ്, ഫരീദാബാദ്, പല്‍വാല്‍, സോഹ്ന, പട്ടൗഡി, മനേസര്‍ എന്നിവിടങ്ങളിലാണ് വിലക്ക് തുടരുക. ആറ് പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും അക്രമകാരികള്‍ തീയിട്ടു. 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.