സ്ഥാനത്തിരിക്കാന്‍ രഞ്ജിത്തിന് യോഗ്യതയില്ലെന്ന് നേമം പുഷ്പരാജ്; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് വിനയന്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ സ്വാധീനിക്കാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ശ്രമിച്ചെന്ന ആരോപണം ആവര്‍ത്തിച്ച് സംവിധായകന്‍ വിനയന്‍. ജൂറി അംഗമായ നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശം വിനയന്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ രഞ്ജിത് ഇടപെട്ടുവെന്ന് നേരത്തെ വിനയന്‍ ആരോപിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തുടരാന്‍ രഞ്ജിത്തിന് അര്‍ഹതയില്ലെന്നാണ് പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ നേമം പുഷ്പരാജ് പറയുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിനെ പുരസ്‌കാരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിലേക്ക് ജൂറിയംഗങ്ങളില്‍ ഭൂരിപക്ഷവും എത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്നാണ് നേമം പുഷ്പരാജ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കുക എന്നതാണ് ജനാധിപത്യത്തിലെ രീതി. പത്തൊമ്പതാം നൂറ്റാണ്ടിലേത് വളരെ മോശം ആര്‍ട്ട് ഡയറക്ഷനാണെന്ന് പറഞ്ഞപ്പോള്‍ ഉള്‍ക്കൊള്ളാനായില്ല. എങ്കിലും ജനാധിപത്യം കണക്കിലെടുത്ത് എന്റെ അഭിപ്രായത്തെ മാറ്റി ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കുകയായിരുന്നു. എങ്കിലും എന്റെ മനസില്‍ അതൊരു സംഘര്‍ഷമായി നിന്നു. കാരണം അതൊരു അനീതിയാണെന്ന് എനിക്ക് തോന്നിയിരുന്നുവെന്ന് പുഷ്പരാജ് പറഞ്ഞു.
ഈ സമയത്താണ് എന്റെ കൂടെ കലാസംവിധാന സഹായിയായി ജോലി ചെയ്തിരുന്ന ഒരാളെന്നെ വിളിക്കുന്നത്. ചേട്ടനുംകൂടിയിരിക്കുന്ന ജൂറി പത്തൊമ്പതാം നൂറ്റാണ്ട് പോലൊരു ചിത്രത്തിലെ കലാസംവിധാനത്തിന് പുരസ്‌കാരം നല്‍കാതെ ഉപേക്ഷിച്ചിട്ട് വേറൊരു ചിത്രത്തിന് കൊടുത്തല്ലോ, എന്താണ് പറ്റിയത് എന്നാണ് അദ്ദേഹം ചോദിച്ചത്. മനസിലുണ്ടായിരുന്ന വിഷമം കാരണം തലേന്ന് ഉറങ്ങാന്‍പോലുമായില്ല. എനിക്ക് വിനയനുമായി അങ്ങനെ അടുപ്പമൊന്നുമില്ല. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആര്‍ട്ട് ഡയറക്ടര്‍ ആരെന്നുപോലും ഞാന്‍ നോക്കിയിരുന്നില്ല. ചെയ്തതെങ്ങനെയുണ്ടെന്ന് നോക്കിയിട്ടാണ് പുരസ്‌കാരനിര്‍ണയം നടത്തുന്നത്.
പഴയ അസിസ്റ്റന്റിന്റെ ചോദ്യം കേട്ടപ്പോള്‍ നടന്നതെന്തെന്ന് കൃത്യമായി അയാളോടുപറഞ്ഞു. അയാളത് റെക്കോര്‍ഡ് ചെയ്യുന്ന കാര്യം ഞാനറിഞ്ഞില്ല. അങ്ങനെയായിരിക്കാം ഇക്കാര്യങ്ങള്‍ വിനയന്റെയടുത്തെത്തിയത്. എന്റെ മനസിലുണ്ടായിരുന്ന സംഘര്‍ഷങ്ങളാണ് ഞാന്‍ അയാളോട് പങ്കുവെച്ചത്. ഈ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ തെറ്റാണോയെന്ന് പറയേണ്ടത് രഞ്ജിത്താണ്. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം വളരെ മഹനീയമായാണ് ഞാന്‍ കാണുന്നത്. അതിലിരിക്കാന്‍ യോഗ്യനല്ല എന്ന് രഞ്ജിത് തെളിയിച്ചിരിക്കുകയാണെന്ന് മാത്രമേ ഈയവസരത്തില്‍ പറയുന്നുള്ളൂ.
കേരളത്തിലെ മുഴുവന്‍ സിനിമാക്കാരെയും പ്രതിനിധീകരിക്കുന്ന സ്ഥാപനമാണ് ചലച്ചിത്ര അക്കാദമി. അതിന്റെ സ്ഥാനത്തിരിക്കുന്നത് നീതിബോധമുള്ളയാളായിരിക്കണം. ഹിറ്റുകള്‍ ചെയ്തു എന്നത് മാത്രമല്ല അവിടെ പ്രസക്തം. അന്തസ് പുലര്‍ത്തുന്ന, മാന്യനായ, നീതിബോധമുള്ള ഒരാളായിരിക്കണം അവിടെ ഇരിക്കേണ്ടത്. അതിന് രഞ്ജിത്തിന് കഴിയില്ല എന്നാണ് എനിക്ക് ബോധ്യമായത്. ഇനി രഞ്ജിത്ത് എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിനുള്ള മറുപടിമാത്രം താന്‍ പറഞ്ഞുകൊള്ളാമെന്നും നേമം പുഷ്പരാജ് പറയുന്നു.