ഗുഡ്ഗാവ്: ഹരിയാനയിൽ വൻ സംഘർഷം.പശുക്കടത്ത് ആരോപിച്ച് രണ്ടു മുസ്ലീം യുവാക്കളെ ചുട്ടുകൊന്ന കേസില്‍ കുപ്രസിദ്ധനായ ഒളിവില്‍ കഴിയുന്ന മോനു മനേസര്‍ (മോഹിത് യാദവ്) വി.എച്ച്.പി റാലിയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹരിയാനയില്‍ സംഘര്‍ഷം ഉടലെടുത്തത്.
രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങളുള്‍പ്പെടെ അഗ്നിക്കിരയാക്കി. ഹരിയാനയിലെ നുഹ് ജില്ലയിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) ശോഭാ യാത്ര നടന്നത്.
മേവാത്ത് ഏരിയയില്‍ നടക്കുന്ന മെഗാ റാലിയില്‍ എല്ലാവരോടും പങ്കെടുക്കാൻ മോനു മനേസര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്തിരുന്നു. ഒളിവിലായിരുന്ന ഇയാള്‍ റാലിയിൽ പങ്കെടുക്കുകയും ചെയ്തു.ഇതോടെ റാലിക്ക് നേരെ കല്ലേറുണ്ടാകുകയായിരുന്നു.
ഫെബ്രുവരി 16നാണ് ഹരിയാനയിലെ ഭിവാനിയിലെ ലോഹറുവിലെ ബര്‍വാസ് ഗ്രാമത്തിന് സമീപം കത്തിക്കരിഞ്ഞ ബൊലേറോയില്‍ നിന്ന് രണ്ട് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. നസീര്‍ (25), ജുനൈദ് (35) എന്നിവരാണ് മരിച്ചത്.ഭരത്പൂരില്‍ നിന്ന് ഇരുവരെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകായായിരുന്നു. ഈ കേസില്‍ പൊലീസ് തിരയുന്ന പ്രതിയാണ് മോനു മനേസര്‍.
അതേസമയം, നുഹ് ജില്ലയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.വൻ സംഘര്‍ഷങ്ങളിലേക്കാണ് ഇവിടെ കാര്യങ്ങൾ നീങ്ങുന്നത്.