NEWSSports

അടിയോടടി! കാബൂള്‍ പ്രീമിയര്‍ ലീഗില്‍ ഒരോവറില്‍ പിറന്നത് 48 റണ്‍സ്

കാബൂള്‍: ഒരോവറില്‍ 48 റണ്‍സ്! കേള്‍ക്കുമ്പോള്‍ അസംഭവ്യമാണെന്ന് തോന്നിക്കുമെങ്കിലും സംഗതി സത്യമാണ്. അഫ്ഗാനിസ്താനിലെ കാബൂള്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഈ അപൂര്‍വമായ സംഭവം അരങ്ങേറിയത്. ടൂര്‍ണമെന്റില്‍ പന്തെറിയ അമീര്‍ സസായിയുടെ ഓവറില്‍ ഇടംകൈയ്യന്‍ ബാറ്ററായ സെദ്ദിഖുള്ള അതല്‍ അടിച്ചെടുത്തത് 48 റണ്‍സാണ്. വൈഡും നോബോളുമെല്ലാം ഉള്‍പ്പെടുന്നതാണ് ഈ ഓവര്‍.

ഷഹീന്‍ ഹണ്ടേഴ്സും അബാസിന്‍ ഡിഫന്‍ഡേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നാടകീയ ഓവര്‍ പിറന്നത്. ആദ്യം ബാറ്റുചെയ്ത ഷബീന്‍ ഹണ്ടേഴ്സിന്റെ ഇന്നിങ്സിലെ 19-ാം ഓവറിലാണ് 48 ഓവര്‍ പിറന്നത്. ക്രീസില്‍ നിന്ന അതലിനെതിരേ സ്പിന്നറായ അമീര്‍ പന്തെറിയാനെത്തി.

Signature-ad

അമീര്‍ ചെയ്ത ആദ്യ പന്ത് തന്നെ നോബോള്‍ ആയി. ഈ പന്ത് അതല്‍ ബൗണ്ടറിയ്ക്ക് മുകളിലൂടെ പറത്തി. രണ്ടാം പന്ത് വൈഡായി. വൈഡായ പന്ത് കൈയിലൊതുക്കാന്‍ വിക്കറ്റ് കീപ്പര്‍ക്ക് കഴിയാതെ വന്നു. ഇതോടെ പന്ത് ബൗണ്ടറിയിലേക്ക് കുതിച്ചു. ഇതോടെ അമീറിന്റെ ഓവര്‍ തുടങ്ങും മുന്‍പ് തന്നെ താരം 12 റണ്‍സ് വഴങ്ങി. പിന്നീടുള്ള താരത്തിന്റെ ആറുപന്തിലും സിക്സടിച്ചുകൊണ്ട് അതല്‍ ചരിത്രം കുറിച്ചു. ഒരോവറില്‍ 48 വഴങ്ങിയ ബൗളര്‍ എന്ന നാണക്കേടിന്റെ റെക്കോഡും പേറി അമീര്‍ തലതാഴ്ത്തി നടന്നു.

മത്സരത്തില്‍ അതല്‍ 56 പന്തുകളില്‍ നിന്ന് പുറത്താവാതെ 118 റണ്‍സെടുത്തു. ഏഴ് ഫോറും 10 സിക്സുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. അഫ്ഗാനിസ്താന്‍ ദേശീയ ടീം അംഗം കൂടിയാണ് അതല്‍. അതലിന്റെ മികച്ച ബാറ്റിങ് മികവില്‍ ഹണ്ടേഴ്സ് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അബാസിന്‍ ഡിഫന്‍ഡേഴ്സ് 18.3 ഓവറില്‍ 121 റണ്‍സിന് ഓള്‍ ഔട്ടായി.

Back to top button
error: