CrimeNEWS

18 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ കിട്ടിയില്ല; പണം വാങ്ങി മറ്റൊരാള്‍ക്ക് കൈമാറിയെന്ന് അസഫാക്, 2 പേര്‍ കൂടി കസ്റ്റഡിയില്‍

എറണാകുളം: ആലുവയില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 18 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ബിഹാര്‍ സ്വദേശിയായ പ്രതി അസ്വാക് ആലമിനെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് കുട്ടിയെ ഇയാള്‍ കടത്തിക്കൊണ്ടുപോയത്. സി.സി. ടി.വി. കേന്ദ്രീകരിച്ചും മറ്റും പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കിട്ടിയില്ല. തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍നിന്നാണ് അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടു പോയത്.

അതേസമയം, പണം വാങ്ങിച്ച് കുട്ടിയെ മറ്റൊരാള്‍ക്കു കൈമാറിയെന്നു പിടിയിലായ പ്രതി അസഫാക് ആലം മൊഴി നല്‍കി. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീര്‍ ഹുസൈന്‍ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പൊലീസിനു നല്‍കിയ മൊഴി. കുട്ടിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അസഫാക്കിന്റെ രണ്ടു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെയും ചോദ്യം ചെയ്തു വരികയാണ്.

Signature-ad

മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ മകള്‍ ചാന്ദ്‌നിയെ (6) ആണ് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തില്‍ 2 ദിവസം മുന്‍പു താമസിക്കായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്. ലഹരിക്കടിമയാണെന്നു സംശയമുള്ളതായി പോലീസ് പറയുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. സിസി ടിവി പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. വെള്ളിയാഴ്ച പകല്‍ മൂന്നോടെയാണു സംഭവം. രാംധറിനു 4 മക്കളുണ്ട്. സ്‌കൂള്‍ അവധിയായതിനാല്‍ അവര്‍ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. മക്കളില്‍ രണ്ടാമത്തെയാളാണ് ചാന്ദ്‌നി. രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കി.

സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആലുവ തോട്ടക്കാട്ടുകരയില്‍നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ചാന്ദ്‌നി. മലയാളം നന്നായി സംസാരിക്കും. നിറയെ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.

 

Back to top button
error: