KeralaNEWS

എഐ കാമറ സംവിധാനം പകർത്താൻ കർണാടകത്തിന് പിന്നാലെ തമിഴ്‌നാടും കേരളത്തിലേക്ക്

തിരുവനന്തപുരം: റോഡ്‌ അപകടങ്ങൾ കുറയ്‌ക്കാൻ ലക്ഷ്യമിട്ട്‌ ‘സേ‌ഫ്‌ കേരള’ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച എഐ കാമറ സംവിധാനം പകർത്താൻ തമിഴ്‌നാട്‌. കർണാടക ടീമിന്‌ പിന്നാലെയാണ്‌ തമിഴ്‌നാട്‌ ജോയിന്റ്‌ ട്രാൻസ്‌പോർട്ട്‌ കമ്മീഷണർ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം കേരളത്തിലെത്തിയത്. കൺട്രോൾ റൂം, ചലാൻ അയക്കുന്ന സംവിധാനം എന്നിവ സംഘം പരിശോധിച്ച്‌ ബോധ്യപ്പെട്ടു. ആർടിഒ (എൻഫോഴ്‌സ്മെന്റ്‌) അധികൃതരുമായി കാമറ സ്ഥാപിച്ച സ്ഥലങ്ങളിൽ സംഘം സന്ദർശനം നടത്തി. അഡീഷണൽ ട്രാൻസ്‌പോർട്ട്‌ കമ്മീഷണർ പ്രമോജ്‌ ശങ്കറുമായും ഗതാഗതമന്ത്രി ആന്റണി രാജുവുമായും ചർച്ചയും നടന്നു. എൻഫോഴ്‌സ്മെന്റ്‌ ഉപകരണങ്ങൾ നിർമിക്കുന്ന മൺവിളയിലെ കെൽട്രോൺ യൂണിറ്റും സംഘം സന്ദർശിച്ചു.

ദേശീയപാതയിൽ ഏറ്റവുംകൂടുതൽ അപകടങ്ങൾ നടക്കുന്നത്‌ തമിഴ്‌നാട്ടിലാണ്‌. 16869 അപകടങ്ങളാണ് റിപ്പോർട്ട്‌ ചെയ്യുന്നത്‌.  5263  മരണവുമുണ്ട്‌. ഉത്തർപ്രദേശിൽ 14540 അപകടങ്ങളും 8506 മരണവും സംഭവിക്കുന്നത്‌. ആന്ധ്രപ്രദേശാണ്‌ മൂന്നാമത്‌ സ്ഥാനത്ത്‌. 8241 അപകടങ്ങളും 3602 മരണവും. കേരളത്തിൽ 8048 അപകടങ്ങൾ നടക്കുമ്പോൾ മരണം 975 മാത്രമാണ്‌. വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിയുന്നതും ട്രോമകെയർ സംവിധാനം ശക്തമായതുമാണ്‌ മരണം കുറയ്‌ക്കുന്നതെന്നതാണ്‌ കണ്ടെത്തൽ. അഞ്ചാംസ്ഥാനത്തുള്ള  മഹരാഷ്‌ട്രയിൽ ദേശീയപാതയിൽ പൊലിയുന്നത്‌ 4080 പേരുടെ ജീവനാണ്‌. അപകടങ്ങൾ 7501.

Signature-ad

ഏപ്രിലിൽ 232.25 കോടി രൂപ ചെലവഴിച്ചത്‌ എഐ കാമറ ഉൾപ്പെടെ 726 കാമറകളാണ്‌ മോട്ടോർ വാഹന വകുപ്പ്‌ സ്ഥാപിച്ചത്‌. കെൽട്രോൺ മുഖേനയാണ്‌ പദ്ധതി നടപ്പാക്കിയത്‌. ഇതുമൂലം വാഹനപകടങ്ങൾ കുറയ്‌ക്കാനും മരണസംഖ്യ 35 ശതമാനം  കുറയ്‌ക്കാനും കഴിഞ്ഞു. എന്നാൽ പദ്ധതിക്കെതിരെ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. ഇതേസമയത്താണ്‌ കാര്യക്ഷമമായ പദ്ധതിയാണെന്നും കെൽട്രോൺതന്നെ പദ്ധതി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട്‌ മറ്റുസംസ്ഥാനങ്ങളും സർക്കാരും രംഗത്തെത്തുന്നത്‌. കേരളത്തെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കുന്നതിൽ അഭിമാനമുണ്ടെന്നും വിവാദമുണ്ടാക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ഇതെന്നും മന്ത്രി ആന്റണി രാജുവും പ്രതികരിച്ചു.

Back to top button
error: