KeralaNEWS

കർഷകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

വയനാട്:മീനങ്ങാടിയിൽ കർഷകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

മീനങ്ങാടി മുരണി കുണ്ടുവയല്‍ കീഴാനിക്കല്‍ സുരേന്ദ്രന്റെ (59) മൃതദേഹമാണ് സംഭവം നടന്നതിന് നാലു കിലോമീറ്ററോളം അകലെ നിന്ന് കണ്ടെടുത്തത്.

ശരീരത്തില്‍ ക്ഷതമേറ്റ പാടുകളില്ല. മരണം നടന്നത് വെള്ളം ഉളളില്‍ ചെന്നാണെന്നും അസ്വാഭാവികത ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവികളുടെ ആക്രമണം നടന്നതിന് തെളിവുകളൊന്നുമില്ല. ശക്തമായ ഒഴുക്കില്‍പ്പെട്ട് മരിച്ചതാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. സുരേന്ദ്രനെ മുതലയോ മറ്റേതെങ്കലും ജീവിയോ വലിച്ചുകൊണ്ടുപോയതാണെന്ന അഭ്യൂഹം കാണാതായ ബുധനാഴ്ച മുതല്‍ നാട്ടില്‍ പരന്നിരുന്നു.

Signature-ad

വീടിന് സമീപത്തുനിന്ന് സുരേന്ദ്രന്റേതെന്ന് കരുതുന്ന വസ്ത്രങ്ങള്‍ രാവിലെ തിരച്ചില്‍ സംഘം കണ്ടെടുത്തിരുന്നു. ഇതു സുരേന്ദ്രന്റെ വസ്ത്രമാണെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചതോടെയാണ് മുതല കടിച്ചെന്ന അഭ്യൂഹം പരന്നത്.

എന്നാല്‍, പ്രാഥമിക പരിശോധനയിലും മൃതശരീരത്തില്‍ വന്യജീവി ആക്രമിച്ചതായ പരിക്കുകളോ മറ്റു ഗുരുതര മുറിവുകളോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുര്‍ക്കി ജീവൻ രക്ഷാസമിതി അംഗങ്ങള്‍, ബത്തേരി അഗ്നിരക്ഷ സേനാംഗങ്ങള്‍, പള്‍സ് എമര്‍ജൻസി ടീമംഗങ്ങള്‍, എൻ.ഡി.ആര്‍.എഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ചീരാംകുന്ന് ഗാന്ധി നഗറിന് സമീപത്തെ ചെക്ക്ഡാമിന് അടുത്ത് നിന്ന് മൃതദേഹം കണ്ടെടുത്തത്

Back to top button
error: