ഇഞ്ചിയും മഞ്ഞളും വീട്ടാവശ്യത്തിന് ഗ്രോബാഗിൽ കൃഷി ചെയ്യാവുന്നതേയുള്ളൂ. ഗ്രോബാഗ് ഉചിതമായവിധം പോട്ടിങ് മിശ്രിതം കൊണ്ട് നിറയ്ക്കണം. ഇതിന് മേൽമണ്ണ്, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ 2:1:2 എന്ന അനുപാതത്തിൽ കലർത്തി അല്പം വേപ്പിൻപിണ്ണാക്കും ട്രൈക്കോഡെർമയും ചേർത്തൊരുക്കുക.
ഒന്നരയടിയെങ്കിലും വായ്വിസ്താരമുള്ള ഗ്രോബാഗുകൾ കൃഷിക്കുപയോഗിക്കാം. ഗ്രോബാഗിന്റെ ഏറ്റവും താഴെ ചരലോ ചകിരിയോ രണ്ടിഞ്ച് കനത്തിൽ നിരത്തിവേണം മീതെ നടീൽമിശ്രിതം നിറയ്ക്കാൻ. 2025 ഗ്രാം. തൂക്കമുള്ള നടീൽവസ്തു ഒന്നോ രണ്ടോ മുകുളങ്ങളോടുകൂടിയതാവണം. മുകുളങ്ങൾ മുകളിലേക്ക് വരത്തക്കവിധം വേണം നടാൻ. മിതമായ തണൽ നൽകാൻ മറക്കരുത്.
വിത്തിഞ്ചി ആയാലും വിത്തുമഞ്ഞൾ ആയാലും ഇതുതന്നെയാണ് കൃഷിരീതി. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ ജൈവവളം ചേർത്തുകൊടുക്കണം. ജൈവ വളങ്ങളുമായി മണ്ണിരകമ്പോസ്റ്റോ, ചാണകമോ, ബയോഗ്യാസ് സ്ലറിയോ ഒക്കെ ഉപയോഗിക്കാം.