NEWSPravasi

യു.എ.ഇയില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചു; ലക്ഷണങ്ങളും പ്രതിരോധവും

അബുദാബി: യു.എ.ഇയില്‍ മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണാ വൈറസ്) വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അല്‍ഐനില്‍ താമസിക്കുന്ന പ്രവാസിയായ 28 വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ എട്ടിനാണ് യുവാവിനെ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 23 ന് വൈറസ് ബാധ സ്ഥിരീകരിച്ചതായും ആഗോള ആരോഗ്യ സംഘടന അറിയിച്ചു. ഈ വര്‍ഷം ആദ്യമായാണ് യു.എ.ഇയില്‍ മെര്‍സ് ബാധ സ്ഥിരീകരിക്കുന്നത്.

വൈറസ് സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 108 പേരെയും പരിശോധിച്ചെങ്കിലും അവരില്‍ രോഗബാധ കണ്ടെത്തിയില്ല. രോഗപ്രതിരോധത്തിനായുള്ള മാര്‍ഗങ്ങള്‍ അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ ശക്തമാക്കിയിട്ടുണ്ട്. കൃഷിയിടങ്ങള്‍, വിപണികള്‍ തുടങ്ങി മൃഗങ്ങളുമായി ഇടപഴകേണ്ടി വരുന്ന ഘട്ടങ്ങളില്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Signature-ad

മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം

രോഗത്തിന്റെ കൃത്യമായ ഉറവിടത്തെക്കുറിച്ച് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എങ്കിലും വവ്വാലുകളില്‍ നിന്ന് ഒട്ടകങ്ങളിലേക്ക് വ്യാപിച്ചതാവാം എന്നാണ് കരുതുന്നത്. 2012 ലാണ് സൗദി അറേബ്യയില്‍ ആദ്യമായി മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണാ വൈറസ് എന്ന മെര്‍സ് വൈറസ് സ്ഥിരീകരിക്കുന്നത്. ഇതുവരെ അള്‍ജീരിയ, ഓസ്ട്രിയ, ബഹ്‌റിന്‍, ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ജെര്‍മനി, ഗ്രീസ്, ഇറ്റലി, ജോര്‍ദാന്‍, കുവൈറ്റ്, മലേഷ്യ, ലെബനന്‍, ഒമാന്‍, ഫിലിപ്പീന്‍സ്, നെതര്‍ലന്റ്‌സ്, തായ്‌ലാന്റ്, ടുണീഷ്യ, യു.എ.ഇ, യു.കെ, അമേരിക്ക, യമന്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെയുള്ള കണക്കനുസരിച്ച് 2,605 മെര്‍സ് വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. അതില്‍ 936 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന സൂട്ടോണിക് വൈറസ് ആണിത്. രോഗം സ്ഥിരീകരിച്ച ഒട്ടകങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതു വഴി സൗദി അറേബ്യയില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ രോഗം ബാധിച്ചിട്ടുള്ളതെന്നും ലോകാരോഗ്യസംഘടന പറയുന്നു. നിലവില്‍ മാര്‍സ് വൈറസിനു പര്യാപ്തമായ ചികിത്സ ലഭ്യമാക്കിയിട്ടില്ല. ചില വാക്‌സിനുകളും ചികിത്സയും പുരോഗമനഘട്ടത്തിലാണ്.

ലക്ഷണങ്ങള്‍

പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് മെര്‍സ് വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുന്ന ഘട്ടങ്ങളില്‍ ന്യുമോണിയ ബാധിക്കാനുള്ള സാധ്യതയുമുണ്ട്.

പ്രതിരോധമാര്‍ഗങ്ങള്‍

മൃഗങ്ങളെ സ്പര്‍ശിച്ചതിനുശേഷം കൈകള്‍ വൃത്തിയായി കഴുകുക.
കൈകള്‍ വൃത്തിയാക്കാതെ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കാതിരിക്കുക.
രോഗബാധയുള്ള മൃഗങ്ങളുമായി ഇടപഴകാതിരിക്കുക.
തൊഴില്‍പരമായി മൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടി വരുന്നവര്‍ സുരക്ഷാ ഗൗണുകളും ഗ്ലൗസുകളും ധരിക്കുക.

 

 

Back to top button
error: