KeralaNEWS

കനത്ത മഴയിലും കാറ്റിലും വടകര താലൂക്കില്‍ 14 വീടുകള്‍ക്ക് നാശം

വടകര:കനത്തമഴയിലും കാറ്റിലും വടകര താലൂക്കില്‍ 14 വീടുകള്‍ക്ക് നാശം.13 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു.

കാവിലുംപാറ വില്ലേജിലാണ് വീട് പൂര്‍ണമായും തകര്‍ന്നത്. ഇവിടെ രണ്ടു വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. നാദാപുരം, പുറമേരി, വില്യാപ്പള്ളി, വടകര, നടക്കുതാഴെ, ഏറാമല, ഒഞ്ചിയം, ചോറോട്, പാലയാട്, നരിപ്പറ്റ വില്ലേജുകളില്‍ ഓരോ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്.

Signature-ad

മലയോര മേഖലയിലെ നഷ്ടമുണ്ടായ വിളകളുടെയും മറ്റും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തിങ്കളാഴ്ചയോടെ മാത്രമേ നഷ്ടത്തിന്റെ പൂര്‍ണ വിവരം ലഭ്യമാവൂ. കാറ്റില്‍ പലയിടത്തും മരങ്ങള്‍ വീണ് വൈദ്യുതിബന്ധം തടസ്സപ്പെട്ടു.

കെ.എസ്.ഇ.ബിയും നാട്ടുകാരും പലയിടങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ രംഗത്തിറങ്ങിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അഗ്നിരക്ഷാസേന തലങ്ങും വിലങ്ങും ഓടിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്. വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വൈദ്യുതി വകുപ്പിനും നഷ്ടമുണ്ടായി. കാറ്റില്‍ മരങ്ങള്‍ വീടുകള്‍ക്ക് മുകളില്‍ വീണ് പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയാണ് വീടുകള്‍ക്ക് നാശമുണ്ടായത്. കാലവര്‍ഷക്കെടുതിയിലെ നാശനഷ്ടം പൂര്‍ണമായും തിട്ടപ്പെടുത്തിയിട്ടില്ല. പഞ്ചായത്തുകളാണ് നാശനഷ്ടം തിട്ടപ്പെടുത്തി റവന്യൂ വകുപ്പിന് കൈമാറേണ്ടത്.

Back to top button
error: