കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട. 15 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ ശ്രീകണ്ഠാപുരം പോലീസിന്റെ പിടിയിലായി. ഇന്ന് പുലര്‍ച്ചെ 12:10 മണിയോടെ ശ്രീകണ്ഠാപുരം ഓടത്തുംപാലത്തു ശ്രീകണ്ഠാപുരം പോലീസും കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
KL 59 T 2424 നമ്പര്‍ ടോയോട്ട എട്ടിയോസ് വാഹനത്തില്‍ എം.ഡി.എം.എ വില്‍പ്പനയ്ക്കായി പോകുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. ശ്രീകണ്ഠാപുരം അടുക്കം സ്വദേശി സജു (44), ശ്രീകണ്ഠാപുരം ചേരന്‍കുന്നു സ്വദേശി സഹല്‍ (24) എന്നിവരാണ് പിടിയിലായത്. പ്രതികളെ ശ്രീകണ്ഠാപുരം എസ്.ഐ: ടി.കെ ബാലകൃഷ്ണന്‍ അറസ്റ്റ് ചെയ്തു.
എ.എസ്.ഐ: സുരേഷ്. എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവന്‍, വിജേഷ് എന്നിവരും, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത എമ്മിന്റെ നിര്‍ദേശപ്രകാരം നര്‍കോര്‍ട്ടിക് സെല്‍ ഡിവൈഎസ്പി: വി. രമേശന്റെ മേല്‍നോട്ടത്തില്‍ മയക്കു മരുന്ന് മാഫിയക്കെതിരേ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തി വരുന്നത്.