Health

തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കൂ, ഇതിനു സഹായിക്കുന്ന 7 കാര്യങ്ങള്‍ അറിയാം

  ആരോഗ്യകരമായ ജീവിതശൈലി തുടരുക എന്നത് ഈ ആധുനികകാലത്ത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. സമീപകാലത്തെ ചില പഠനങ്ങളില്‍ മതിഭ്രമം (Dementia) പോലുള്ള മസ്തിഷ്‌ക തകരാറുകള്‍ ഇല്ലാതാക്കാന്‍ ആരോഗ്യകാര്യത്തില്‍ നാം ശീലിക്കേണ്ട ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി നടത്തിയ പഠനത്തില്‍ മസ്തിഷ്‌കത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഡിമെന്‍ഷ്യ ഒഴിവാക്കുന്നതിനും ഏഴ് ആരോഗ്യ ഘടകങ്ങള്‍ സഹായിക്കുന്നു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

ഈ ഘടകങ്ങള്‍ പാലിക്കുന്നതിനോടൊപ്പം മെച്ചപ്പെട്ട ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, പുകവലിക്കാതിരിക്കുക, രക്തസമ്മര്‍ദം ശരിയായ അളവില്‍ ആയിരിക്കുക, കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുക എന്നിവയും ശ്രദ്ധിക്കുക . ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആരോഗ്യകരമായ ജീവിതശൈലി തുടരുന്നതിലുടെ ഡിമെന്‍ഷ്യ ഒഴിവാക്കാനാവും.

മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഏഴ് ഘടകങ്ങള്‍:

വായന

തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഏറ്റവും നല്ല ശീലമാണ് വായന. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാക്കുന്നത് കുറയ്ക്കാനും വായന സഹായിക്കും.

എപ്പോഴും സജീവമാകുക

എപ്പോഴും സജീവമായിരിക്കുന്നത് മസ്തിഷ്‌ക കോശങ്ങളുടെ ഊര്‍ജവും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. പതിവായുള്ള വ്യായാമം തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ വര്‍ധിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനക്ഷമതയെ ഊര്‍ജിതമാക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണശീലം

പഴങ്ങള്‍, പച്ചക്കറികള്‍, കുറഞ്ഞ അളവിലുള്ള പ്രോട്ടീനുകള്‍ ധാന്യങ്ങള്‍ എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണക്രമം തലച്ചോറിന് മികച്ച ആരോഗ്യം നല്‍കും. സംസ്‌കരിച്ച ഭക്ഷണങ്ങളും പഞ്ചസാര ലായനികളും ഒഴിവാക്കുക.

ആരോഗ്യകരമായ ഭാരം

നല്ല ഭക്ഷണക്രമത്തിനോടൊപ്പം തന്നെ ആരോഗ്യകരമായ ഭാരവും നിലനിര്‍ത്തണം. പൊണ്ണത്തടി വിവിധ മസ്തിഷ്‌ക വൈകല്യങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കും.

പുകവലി നിര്‍ത്തുക

പുകവലി മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ മസ്തിഷ്‌കത്തെ അത് ദോഷകരമായി തന്നെ ബാധിക്കുന്നു. പുകവലിക്കുന്നത് പക്ഷാഘാതത്തിനും അല്‍ഷിമേഴ്‌സ് പോലെയുള്ള രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

രക്തസമ്മര്‍ദം നിയന്ത്രിക്കുക

ഉയര്‍ന്ന രക്തസമ്മര്‍ദം തലച്ചോറിലെ രക്ക്കുഴലുകളെ ബാധിക്കും. ഇതുമൂലം രക്തക്കുഴലുകള്‍ക്ക് നാശം സംഭവിക്കുകയും ഇത് പക്ഷാഘാതത്തിലേക്കും മറ്റ് വൈകല്യങ്ങളിലേക്കും നയിക്കും.

പഞ്ചസാരയുടെ അളവ് കുറയ്ക്കുക

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക. കുറേക്കാലം നിലനില്‍ക്കുന്ന രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് തലച്ചോറിനെ കാര്യമായി ബാധിക്കും. ഇത് ഓര്‍മ, പഠന പ്രശ്‌നങ്ങള്‍, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ശരീരഭാരം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, കാലക്രമേണ അല്‍ഷിമേഴ്‌സ് രോഗം പോലുള്ള മറ്റ് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

Back to top button
error: