പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ. ഔദ്യോഗിക തീരുമാനം പിന്നീട് പ്രഖ്യാപിക്കും. കുടുംബത്തിന്റെ അഭിപ്രായം കൂടി കോൺഗ്രസ് നേതൃത്വം തേടിയേക്കും. നിലവിൽ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനാണ് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ പാർട്ടി ഘടകങ്ങൾ സജീവമാക്കാനും കോൺഗ്രസ് തീരുമാനിച്ചു. അടുത്ത കെപിസിസി ഭാരവാഹി യോഗത്തിൽ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രധാന ചർച്ചയാകും.
ഏതു ഘട്ടത്തിലും തിരഞ്ഞെടുപ്പിനു സിപിഎം തയാറാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു വൈകാതെ കടക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ വ്യക്തമാക്കിയിരുന്നു.
മുൻമുഖ്യമന്ത്രിയും പുതുപ്പളളി എംഎൽഎയുമായ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ അവസാനിച്ചതിന് പിന്നാലെയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ സജീവമായത്. മക്കളായ ചാണ്ടി ഉമ്മന്റെയും അച്ചു ഉമ്മന്റെയും പേരുകളാണ് ആദ്യം ഉയർന്ന് കേട്ടിരുന്നത്. ഉമ്മൻ ചാണ്ടിക്ക് പകരക്കാരനില്ലെന്ന് ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിന് പിൻഗാമിയാകാൻ ആർക്കും കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ചാണ്ടി ഉമ്മന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് സി.തോമസിന്റെ പേരാണ് എൽഡിഎഫിന്റെ പ്രഥമ പരിഗണനയിൽ. അതോടൊപ്പം റജി സഖറിയയെ മത്സരിപ്പിക്കണം എന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. പുതുപ്പള്ളിക്കു കീഴിലുള്ള 8 പഞ്ചായത്തുകളിൽ ആറും എൽഡിഎഫിന് ഒപ്പമാണ് എന്നതാണ് ആ മുന്നണിയുടെ പ്രതീക്ഷ. പക്ഷേ, ഉമ്മൻ ചാണ്ടി മത്സരിക്കുമ്പോൾ ഉള്ളതിനെക്കാൾ ശക്തമായി ഉമ്മൻ ചാണ്ടി വികാരം അലയടിക്കാനിടയുള്ള തിരഞ്ഞെടുപ്പാക്കും വരാനിരിക്കുന്നതെന്നും എൽഡിഎഫിനു ബോധ്യമുണ്ട്.
ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിയും തമ്മിൽ 1970 ൽ തുടങ്ങിയ ആത്മബന്ധം ഒരു ഉലച്ചിലും തട്ടാതെയാണ് 53 വർഷം പൂർത്തിയാക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷും 70 ലേതാണ്: 7128. പിന്നീട് 2 തവണ മാത്രമേ അദ്ദേഹത്തിന്റെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെ പോയുള്ളൂ.1987 ൽ വി.എൻ.വാസവനെതിരേ 9164, 2021 ൽ ജെയ്ക് സി.തോമസിനെതിരെ 9044. റെക്കോർഡ് ഭൂരിപക്ഷം ഉമ്മൻ ചാണ്ടി നേടിയത് 2011 ലാണ്. സുജ സൂസൻ ജോർജിനെ 33,255 വോട്ടിനാണ് തോൽപ്പിച്ചത്.
ഉമ്മൻ ചാണ്ടിയെ ഇത്രമാത്രം സ്നേഹിച്ച പുതുപ്പള്ളി അദ്ദേഹത്തിന്റെ പിൻഗാമിയായി കോൺഗ്രസ് നിർദേശിക്കുന്ന സ്ഥാനാർഥിയെ അകമഴിഞ്ഞു പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണു കോൺഗ്രസ് നേതാക്കൾ.