മരിച്ചിട്ടും മണിയൻപിള്ള വീണ്ടും 11 വര്‍ഷം കൂടി പൊലീസ് സര്‍വീസില്‍ തുടര്‍ന്നത് ചരിത്രം. പൊലീസ് ചരിത്രത്തിലെ അപൂര്‍വ ഏടിന് പിന്നിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കൈയൊപ്പുണ്ട്. എന്തു ചെയ്യണമെന്ന് അറിയാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി നിന്ന മണിയൻപിള്ളയുടെ ഭാര്യ സംഗീതയ്ക്കും കുടുംബത്തിനും പുതുജീവിതം നല്‍കുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി.
വാഹനപരിശോധനയ്ക്കിടെ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാരിപ്പള്ളി പൊലീസ് ആട് ആന്റണിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കവെ ആന്റണി വര്‍ഗീസ് എന്ന ആട് ആന്റണി എഎസ്‌ഐ ജോയിയെയും ഡ്രൈവര്‍ സിപിഒ മണിയൻ പിള്ളയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയൻപിള്ള ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചു.
മണിയൻപിള്ളയുടെ ചേതനയറ്റ ശരീരം കൊല്ലം ജില്ലയിലെ കൊട്ടറ കൈത്തറ പൊയ്കവീട്ടിലേക്ക് എത്തിയപ്പോള്‍ കുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ ഭാര്യ സംഗീത തളര്‍ന്നിരുന്നു. എന്നാല്‍ ഉമ്മൻ ചാണ്ടിയുടെ കരുതല്‍ ആ കുടുംബത്തിന് തുണയായി. അസാധാരണ തീരുമാനം അസാധാരണ സാഹചര്യത്തില്‍ ഉമ്മൻ ചാണ്ടി എടുത്തു. മണിയൻ പിള്ളയുടെ ശേഷിക്കുന്ന സര്‍വീസ് കാലം മുഴുവൻ ശമ്ബളവും ആനുകൂല്യങ്ങളും ഭാര്യക്ക് നല്‍കാൻ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. മരണശേഷം നല്‍കുന്ന ധനസഹായം 5 ലക്ഷം രൂപയില്‍നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തി. മകളുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി നല്‍കാനും ഉമ്മൻ ചാണ്ടി ഉത്തരവിട്ടു. ഇതുപോലൊരു തീരുമാനം കേരളം ഇതിനു മുൻപ് കണ്ടിട്ടില്ലാത്തതായിരുന്നു.
മരിച്ചിട്ടും പൊലീസ് സര്‍വീസില്‍ തുടര്‍ന്ന മണിയൻപിള്ള 2021 മെയ് 31 നാണ് സര്‍വീസില്‍നിന്ന് ഔദ്യോഗികമായി വിരമിച്ചത്. അതുവരെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മുടങ്ങാതെ ശമ്ബളം കിട്ടി. ഇപ്പോള്‍ പെൻഷനും. പഠനശേഷം തിരുവനന്തപുരം എസ്‌പി ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച മണിയൻപിള്ളയുടെ മകള്‍ സ്മൃതി ഇപ്പോള്‍ ഫിംഗര്‍ പ്രിന്റ് ബ്യൂറോയില്‍ ഉദ്യോഗസ്ഥയാണ്. ഇളയമകള്‍ സ്വാതി ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയും.