ബംഗളൂരു: നഗരത്തിലുടനീളം ആക്രമണ പരമ്പരകള്‍ നടത്താന്‍ പദ്ധതിയിട്ട് എത്തിയ ഭീകര പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന അഞ്ച് പേര്‍ ബംഗളൂരുവില്‍ പിടിയിലായി. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) ആണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും നിരവധി മൊബൈല്‍ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ജുനൈദ്, സൊഹൈല്‍, ഉമര്‍, മുദാസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തില്‍ സ്ഫോടനം നടത്താന്‍ ചിലര്‍ പദ്ധതിയിടുന്നതായി സിസിബിക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്.
അറസ്റ്റിലായ അഞ്ച് പേര്‍ക്കും 2017ലെ ഒരു കൊലപാതക കേസിലും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭീകരപ്രവര്‍ത്തകരായ ചിലരുമായി പ്രതികള്‍ സമ്പര്‍ക്കം പുലത്തുകയും അവരില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനുള്ള പരിശീലനം നേടിയതെന്നുമാണ് കരുതുന്നത്. പ്രതികള്‍ക്ക് മറ്റുചിലരുടെ സഹായം ലഭിച്ചെന്നും കരുതുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.