ന്യൂഡല്‍ഹി: പട്ടാപ്പകല്‍ ഇരുപത്തഞ്ചുകാരനെ കാമുകിയുടെ വീട്ടുകാര്‍ കുത്തിക്കൊലപ്പെടുത്തി. തിങ്കളാഴ്ച ഡല്‍ഹി ജഫ്രാബാദില്‍ സല്മാന് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ എതിര്‍പ്പിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പെണ്‍കുട്ടിയുടെ പിതാവും സഹോദരന്മാരും ചേര്‍ന്നാണ് സല്‍മാനെ ആക്രമിച്ചതെന്നാണ് വിവരം. കഴുത്തിലും നെഞ്ചിലും കുത്തേറ്റ സല്മാന് സംഭവസ്ഥലത്തു തന്നെ മരിച്ചു. സല്‍മാനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയിലാണ് പതിഞ്ഞത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി സല്മാന് പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നു പോലീസ് പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം തുടക്കം മുതലേ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പെണ്‍കുട്ടിയുടെ പിതാവ് മന്‍സൂര്‍, സഹോദരന് മൊഹ്സിന്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു സഹോദരന് എന്നിവര്‍ ചേര്‍ന്ന് സല്‍മാനെ ആക്രമിച്ചത്. സല്മാന് ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം.
മറ്റു രണ്ടുപേരെ പിന്നിലിരുത്തി സല്മാന് ബൈക്ക് ഓടിച്ചുവരുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെ ഏതാനും പേര് ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി. തുടര്‍ന്നായിരുന്നു ക്രൂരമായ ആക്രമണം. ഭയചകിതരായ സല്‍മാന്റെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.