കൊല്ലം: ചില്ലറവില്‍പ്പനയ്ക്കായി ശരീരത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന 11 ഗ്രാം എം.ഡി.എം.എയും വിറ്റുകിട്ടിയ 80,000 രൂപയുമായി യുവാവ് പിടിയില്‍. റൂറല്‍ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കിഴക്കേ കല്ലട പോലീസും ചേര്‍ന്ന് തന്ത്രപരമായാണ് സ്കൂട്ടറില്‍ വരികയായിരുന്ന ഇയാളെ ചീക്കല്‍ക്കടവില്‍വച്ച് കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂര്‍ കാരംകോട് വരിഞ്ഞം കുളത്തുങ്കര റിന്സണ് ആര്.എഡിസനാണ് പിടിയിലായത്.
രണ്ടുദിവസംമുമ്പ് കുണ്ടറയില്‍ 82 ഗ്രാം എം.ഡി.എം.എ. യുമായി അഞ്ചുയുവാക്കള്‍ പിടിയിലായിരുന്നു. ആ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ വിവരശേഖരണത്തിലാണ് റിന്‍സന്റെ കച്ചവടത്തെക്കുറിച്ച് അറിവു ലഭിച്ചത്. തിങ്കളാഴ്ച ലഹരിവിരുദ്ധ സ്ക്വാഡും കിഴക്കേ കല്ലട പോലീസും ചേര്‍ന്നു നടത്തിയ വാഹനപരിശോധനയിലാണ് വൈകീട്ട് അഞ്ചോടെ സ്കൂട്ടറില്‍ വന്ന ഇയാള്‍ പിടിയിലായത്. എം.ഡി.എം.എയുടെ പ്രധാന ചില്ലറവില്‍പ്പനക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ശരീരത്തില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മയക്കുമരുന്ന്. സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപയും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.