KeralaNEWS

കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം; ഇത് ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടം

കേരളത്തില്‍നിന്ന് ആരംഭിച്ച്‌ തമിഴ്നാട്ടില്‍ പതിക്കുന്ന വെള്ളച്ചാട്ടം. ഇടുക്കിയിലാണ് സംഭവം. ചക്കുപള്ളം പഞ്ചായത്തിലെ ചെല്ലാര്‍കോവിലെന്ന കൊച്ചുഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായ ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടം.
മലമുകളിലെ ചെറിയ അരുവികള്‍ സംഗമിച്ച്‌ ചെറിയൊരു പുഴയായി കേരളത്തിന്റെ മടിത്തട്ടിലൂടെ ഒഴുകി ചെല്ലാര്‍കോവിലിന്റെ നെറുകയില്‍നിന്ന് 3500 അടി താഴ്ചയിലേക്ക് പതിച്ച്‌ തമിഴ്നാടിന്റെ കാര്‍ഷിക സമൃദ്ധിക്ക് മുതല്‍ക്കൂട്ടാകുന്നുണ്ട് ഈ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നു നോക്കിയാല്‍ തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെയും കമ്ബം-ഗൂഡല്ലൂര്‍ ടൗണുകളുടെ വിദൂരദൃശ്യങ്ങള്‍ കാണാനാകും. പ്രകൃതിസൗന്ദര്യത്താല്‍ സന്തുലിതമായ ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടം മലയാളം-തമിഴ് സിനിമകളുടെ ലൊക്കേഷനായിട്ടുണ്ട്.
അവധി ദിവസങ്ങളിലും മറ്റും നൂറുകണക്കിന് ആളുകളാണ് വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിക്കാനും തമിഴ്നാടിന്റെ വിദൂരകാഴ്ചകള്‍ കാണാനും എത്തുന്നത്. വിനോദസഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കുട്ടികള്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങളും ടൂറിസം വകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. കുമളിയില്‍നിന്നു 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവിക്കുഴി ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടത്തില്‍ എത്താൻ സാധിക്കും.

Back to top button
error: