FeatureNEWS

കര്‍ക്കടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം; അറിയാം കർക്കടകമാസത്തിന്റെ പ്രത്യേകതകൾ

കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കര്‍ക്കടകം.സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം.ജൂലൈ – ഓഗസ്റ്റ് മാസങ്ങള്‍ക്ക് ഇടക്കായി ആണ് കര്‍ക്കടക മാസം വരുന്നത്.
കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസമാണ് കര്‍ക്കടകം. തുള്ളി തോരാതെ മഴ പെയ്യുന്നു എന്നതിനാല്‍ ‘കള്ളക്കര്‍ക്കടകം’ എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാല്‍ ‘മഴക്കാല രോഗങ്ങള്‍’ ഈ കാലഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുന്നു. കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ ‘പഞ്ഞമാസം’ എന്നും വിളിക്കപ്പെടുന്നു. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്.
കര്‍ക്കടകം ഒന്നു മുതല്‍ രാമാ‍യണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. പഴയകാലത്ത് കര്‍ക്കടകത്തിലെ ആദ്യത്തെ ആഴ്ച കൊണ്ടുതന്നെ രാമായണം പൂര്‍ണ്ണമായും പാരായണം ചെയ്തിരുന്നു. ഇതിന് സാധിക്കാത്തവര്‍ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂര്‍ത്തിയാക്കിയിരിക്കണം.
ജലരാശിയായ കര്‍ക്കടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാ‍ലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം വിധിച്ചിരിക്കുന്നത്.
കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും ഈ മാസം നടക്കുന്നു. രാവിലെ കുളിച്ച്‌ വീടു വൃത്തിയാക്കി കിണ്ടിയില്‍ വെള്ളവും തുളസിക്കരും വച്ചു വിളക്കു കൊളുത്തി, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്‌ക്കുന്നു. വൈകുന്നേരം ഇത്‌ എടുത്തു മാറ്റും. കര്‍ക്കടകത്തിലെ എല്ലാദിവസവും ഇത്‌ തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു.
കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കടകം. സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള കാത്തിരിപ്പ്. കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്. മറ്റുചിലർ ഉഴിച്ചിലും പിഴിച്ചിലും നടത്തി ശരീരം അരോഗദൃഢമാക്കും. കര്‍ക്കടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നതാണ് ആയുര്‍ വേദത്തിന്‍റെ വിശ്വാസം.

കർക്കടകം. പതിവുപോലെ സുഖചികിൽസയെ കുറിച്ച് ഓർക്കാനുള്ള സമയം കൂടിയാണ്. നമ്മുടെ ശരീരത്തിനുള്ള റീ ചാർജാണ് കർക്കടക മാസത്തിലെ സുഖചികിൽസ. കടുത്ത വേനൽച്ചൂടിനു ശേഷം വർഷപാതവും ശീതപാതവും അളപാതവും കഴിഞ്ഞ് ശുദ്ധപാതം എത്തുന്ന കർക്കടകം സുഖചികിൽസയ്‌ക്കും ആരോഗ്യ പരിപാലനത്തിനും യോജിച്ച മാസമാണ്. ഇത്രയും കാലത്തെ അലച്ചിലും അധ്വാനവും തളർത്തിയ ശരീരത്തിന് ഉണർവും ഊർജവും നൽകും കർക്കടക ചികിൽസ.

ആരോഗ്യ കാര്യത്തിലും ആത്മീയ കാര്യത്തിലും ഏറെ പ്രാധാന്യമുള്ള മാസമാണ് കർക്കടകം. മഴക്കാലത്ത് ശരീരത്തിൽ വാതം പ്രകോപിതമാകും. ശരീരത്തിൽ അധികമുള്ള വാതദോഷത്തെ പുറത്തുകളയാൻ വേണ്ടിയാണ് കർക്കടക ചികിൽസ. മസാജ്, ധാര, പൊടിക്കിഴി, പച്ചക്കിഴി, ഉധ്വർത്തനം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. സുഖ ചികിൽസയ്‌ക്കു മൂന്നു ദിവസം മുതൽ ഒരു മാസം വരെ നീളുന്ന വിവിധ പാക്കേജുകളുണ്ട്.

Signature-ad

ആയുർവേദ ആശുപത്രികളിലും മർമ ചികിൽസാലയങ്ങളിലും കർക്കടക മാസ ചികിൽസകളായ ഉഴിച്ചിലും പിഴിച്ചിലും ഔഷധക്കഞ്ഞി വിതരണവും സജീവമാണിപ്പോൾ. പ്രായഭേദമെന്യേ മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം സുഖചികിൽസ നടത്താം. വിശ്രമവും പഥ്യവുമാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഓരോ ചികിൽസാവിധിക്കും ഓരോ സമയപരിധിയുണ്ട്. ഒരു ചികിൽസാ രീതി നിശ്‌ചയിച്ചു കഴിഞ്ഞാൽ ഇടയ്‌ക്കു വച്ചു നിർത്താൻ പറ്റില്ല. ശരീരത്തെ ചികിൽസയ്‌ക്കു വിധേയമാക്കി വീണ്ടും പഴയ പടിയെത്തിക്കും വരെയുള്ള ഒരു ചക്രം പൂർത്തിയാക്കുമ്പോഴേ ചികിൽസ പൂർണമാകൂ.

 

പൊതുവെ ദഹനശക്‌തി കുറയുന്ന സമയമായതിനാൽ ദഹനം ത്വരിതപ്പെടുത്തുന്നതിനും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ബുദ്ധിമുട്ടുകളിൽനിന്നു രക്ഷ തരുന്നതിനും ഒട്ടേറെ ഔഷധക്കൂട്ടുകളടങ്ങിയ കർക്കടക കഞ്ഞി ഉത്തമമാണ്. അരിയാറ്, ചെറുപയർ, നല്ല ജീരകം, കരിംജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, അയമോദകം, കുറുന്തോട്ടി, മഞ്ഞൾ, ചുക്ക്, ശതകുപ്പ, ഏലത്തരി, ജാതി പത്രി, കരയാമ്പൂ, തക്കോലം, നറുനീണ്ടി (നന്നാറി), ഓരില, മൂവില, അടപതിയൻ, നിലപ്പന, വയൽചുള്ളി, പുത്തരിച്ചുണ്ട, തഴുതാമ, ചങ്ങലവരണ്ട തുടങ്ങിയവ  ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായത്തിലാണ് കഞ്ഞി തയാറാക്കുന്നത്.
കഷായം അരിച്ചെടുത്ത് അതിൽ നവര അരി വേവിച്ചെടുത്ത് പശുവിൻ പാലിലോ ആട്ടിൻ പാലിലോ തേങ്ങാപ്പാലിലോ ചേർത്ത് കഴിക്കാം. നവര അരി ഇല്ലെങ്കിൽ പഴയ നെല്ലിന്റെ തവിടു കളയാത്ത മട്ടപ്പച്ചരി ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. വൈകുന്നേരവും കഴിക്കാം. തുടർച്ചയായി ഒരു മാസം ഉപയോഗിക്കുന്നതു ഗുണം ചെയ്യുമെങ്കിലും 10, 20, 30, 40 ദിവസം എന്നിങ്ങനെ ആവശ്യം പോലെ ഔഷധക്കഞ്ഞി സേവിക്കുന്നവരുണ്ട്. ഔഷധക്കഞ്ഞിയും ച്യവനപ്രാശ്യവുമെല്ലാം നമ്മുടെ ആമാശയത്തിന്റെ പ്രവർത്തനത്തെ കൃത്യതയുള്ളതാക്കാൻ സഹായിക്കും.

Back to top button
error: