KeralaNEWS

നമ്പര്‍പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി; ബന്ധുവായ ഉടമയ്ക്ക് 34,000 രൂപ പിഴ

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥി നമ്പര്‍പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ വാഹനത്തിന്റെ ഉടമയ്ക്ക് 34,000 രൂപ പിഴ. വാഹന ഉടമയായ ആലുവ സ്വദേശി റോഷനാണ് പിഴ ലഭിച്ചത്. റോഷന്റെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. വാഹനത്തിന്റെ ആര്‍സി ബുക്ക് ഒരു വര്‍ഷത്തേക്കും റദ്ദാക്കി.

ഏപ്രിലില്‍ മോട്ടോര്‍ വാഹന വകുപ്പ് ആലുവയില്‍ പരിശോധന നടത്തുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിയെ പിടികൂടിയത്. ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. റോഷന്റെ അടുത്ത ബന്ധുവാണ് വാഹനമോടിച്ച കുട്ടി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് നിയമ നടപടികള്‍ക്കായി കോടതിക്ക് കൈമാറി.

Signature-ad

എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാഹന ഉടമയ്ക്ക് ശിക്ഷ വിധിച്ചത്. 30,000 രൂപയാണ് പിഴ വിധിച്ചത്. നമ്പര്‍പ്ലേറ്റ് ഇല്ലാത്തതിനാല്‍ 2000 രൂപയും കണ്ണാടി, ഇന്‍ഡിക്കേറ്റര്‍ എന്നിവ ഇല്ലാത്തതിനാല്‍ 500 രൂപ വീതവും സാരിഗാര്‍ഡ് ഊരിമാറ്റിയതിന് 1000 രൂപയും ചേര്‍ത്താണ് 34,000 പിഴ നല്‍കേണ്ടത്. വാഹനമോടിച്ച വിദ്യാര്‍ത്ഥിക്കെതിരേ ജുവനൈല്‍ നിയമ നടപടി തുടരും.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ ഗതാഗത നിയമലംഘനം നടത്തുകയോ ചെയ്താല്‍ കുട്ടിയുടെ രക്ഷിതാവിനോ/ വാഹന ഉടമയ്ക്കോ മോട്ടോര്‍ വാഹനനിയമപ്രകാരം 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിക്കും. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. കുട്ടികള്‍ വാഹനം ഓടിച്ച് അപകടം സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ പോലും ലഭിക്കില്ല. വാഹനം ഓടിച്ച കുട്ടിക്ക് ഏഴ് വര്‍ഷം കഴിഞ്ഞ ശേഷമെ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു.

 

 

Back to top button
error: