കല്യാണം കഴിക്കാൻ വിസമ്മതിക്കുന്ന സ്ത്രീകളും വിവാഹം നടക്കാത്തത് മൂലം സമൂഹത്തിന് പ്രശ്നമായി മാറുന്ന പുരുഷനും കഥാപാത്രങ്ങളായ ഹ്രസ്വചിത്രമാണ് ‘നടുക്കഷണം’. തൃശൂരിലെ വാട്സ് ആപ്പ് കൂട്ടയ്മ സ്വരമാലിക ഗ്രൂപ്പ് അംഗങ്ങളും അങ്കമാലി മഞ്ഞപ്രയിലെ ഏതാനും ചില ഗ്രാമവാസികളുമാണ് ഈ ഒൻപത് മിനിറ്റ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നാടക ചലച്ചിത്ര നടൻ പി.ഡി പൗലോസാണ് മുഖ്യവേഷം ചെയ്‌തത്. രചന സംവിധാനം സുനിൽ കെ ചെറിയാൻ.
ഗൾഫിൽ ജോലിയും സ്വന്തമായി സമ്പാദ്യവും വീടും ഉണ്ടായിട്ടും കല്യാണം നടക്കാതെ പോകുന്ന ചേട്ടനാണ് പ്രധാന കഥാപാത്രം. ഗൾഫുകാരനെ വേണ്ട എന്ന് പറയുന്ന പെൺകുട്ടി അമേരിക്കക്കാരനോ ന്യൂസിലാന്റുകാരനോ മതിയെന്ന് ശഠിക്കുന്നു. ഗൾഫ് ജോലി ഉപേക്ഷിച്ച് നാട്ടിൽ സ്ഥിരവാസമായെന്ന് പറഞ്ഞിട്ടും ചേട്ടന് പെണ്ണ് കിട്ടുന്നില്ല. കല്യാണം നിഷേധിക്കപ്പെട്ട ചേട്ടൻ ഗ്രാമത്തിലെ സ്ത്രീകളെ ഒളിഞ്ഞ് നോക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഇടപെട്ടു. സ്ത്രീകളുടെ ഒരു സംഘമാണ് ചേട്ടനെ തല്ലിച്ചതയ്ക്കുന്നത്. നാട്ടിൽ പിടിച്ച് നിൽക്കാൻ ചേട്ടൻ എടുക്കുന്ന വജ്രായുധമാണ് ക്ളൈമാക്‌സ്.
കവികളായ മഞ്ജു ഉണ്ണികൃഷ്ണൻ, ഷീജ മലാക്ക കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്ക്കാരം നേടിയ നടൻ ബാബു ചാക്കോള, ‘സ്വരമാലിക’ അഡ്‌മിൻ ജയപ്രകാശ്, മഞ്ഞപ്രയിലെ നൃത്താധ്യാപികമാരായ അനുപമ, അമ്പിളി, മഞ്ഞപ്ര ഗ്രാമക്ഷേമം വായനശാല പ്രസിഡണ്ട് സജീവ് അരീക്കൽ, ബിജു ഇമ്മാനുവേൽ, ഗീതു, അജിത, മിനി സതീഷ് തുടങ്ങിയവർ വേഷമിട്ട ഈ ചെറുചിത്രം തൃശൂരിലും മഞ്ഞപ്രയിലുമായാണ് ചിത്രീകരിച്ചത്. ചിത്രകാരൻ ജോയ് തോമസ് ടൈറ്റിൽ ഡിസൈൻ ചെയ്‌തു.
ഗോപിസുന്ദർ ഈണമിട്ട തമിഴ് ചിത്രം യാരുടാ മഹേഷിലെ ഒരു ഗാനം മൊഴിമാറ്റം നടത്തി ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. സംവിധായകൻ ആലപിച്ചിരിക്കുന്നു. ചേരയെ തിന്നുന്ന നാട്ടിൽ ചേരയുടെ നടുക്കഷണം തിന്നണമെന്ന ചൊല്ല് ആണ് ചിത്രത്തിന്റെ പേരിന് ആധാരമെന്ന് സംവിധായകൻ പറഞ്ഞു.