KeralaNEWS

കാസർകോട് പോലീസ് വേറെ ലെവലാണ്;ഒരു മാസത്തിനിടെ തെളിയിച്ചത് മൂന്ന് കൊലപാതക ‍ കേസുകൾ 

കാസർകോട്:പൊലീസ് സബ്ഡിവിഷൻ പരിധിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ മൂന്ന് കൊലപാതകങ്ങള്‍ കൃത്യതയോടെ തെളിയിച്ച്‌ അന്വേഷണ സംഘം.

തെളിവിന്റെ കണിക പോലുമില്ലാത്ത കേസില്‍ പോലും ശാസ്ത്രീയ നിരീക്ഷണത്തിലൂടെ പ്രതികളിലേക്ക് എത്താനായത് പൊലീസിന് പൊൻതൂവലായി.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പൈവളിഗെ കളായില്‍ പ്രഭാകര നൊണ്ടയെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരനടക്കം അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്തത് 24 മണിക്കൂറിനകമാണ്. സഹോദരൻ ജയറാം നൊണ്ടയടക്കമുള്ള മുഴുവൻ പ്രതികളെയും ആയുധങ്ങള്‍ സഹിതമാണ് കാസര്‍കോട് ഡിവൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പൂട്ടിയത്.

പത്തു ദിവസം മുൻപ് ബദിയഡുക്കയില്‍, ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ മധൂര്‍ അറന്തോടിലെ സന്ദീപിനെ (26) ബൈക്ക് തടഞ്ഞു നിര്‍ത്തി പിറകില്‍ നിന്ന് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുങ്ങിയ പ്രതി പവൻ രാജിനെ(22)യും ആയുധങ്ങള്‍ സഹിതം അന്വേഷണ ചുമതല ഉണ്ടായിരുന്ന കാസര്‍കോട് ടൗണ്‍ ഇൻസ്‌പെക്ടര്‍ പി. അജിത് കുമാര്‍, ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്യാനായി.
ഇപ്പോള്‍ സീതാംഗോളിയിലെ കുഴല്‍ക്കിണര്‍ ഏജന്റ് തോമസ് ക്രാസ്റ്റയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ കര്‍ണ്ണാടക സ്വദേശികളായ പ്രതികളെ മൂന്നുദിവസത്തിനകമാണ് വിദ്യാനഗര്‍ ഇൻസ്‌പെക്ടര്‍ പ്രമോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

Back to top button
error: