KeralaNEWS

നിയമസഭാ കൈയാങ്കളി കേസില്‍ നാടകീയ നീക്കം; തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍. കേസുമായി ബന്ധപ്പെട്ട് വിചാരണ ആരംഭിക്കാനിരിക്കെയാണ് പോലീസിന്റെ തന്ത്രപരമായ നീക്കം. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഒട്ടേറെ വസ്തുതകള്‍ കൂടി അന്വേഷിക്കാനുണ്ടെന്നും പോലീസ് ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് വീണ്ടും തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ വിചാരണ തീയതി നിശ്ചയിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഹര്‍ജിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

Signature-ad

കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതിയില്‍ വരുന്ന സാഹചര്യം വിരളമാണ്. എന്നാല്‍, ഇവിടെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലീസിന്റെ തന്നെ ആവശ്യം.

വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍, ഇ.പി ജയരാജന്‍ തുടങ്ങിയവര്‍ അടക്കം ആറു പ്രതികളാണ് കേസിലുള്ളത്. കേസ് മുന്നോട്ട് പോകുന്ന സാഹചര്യമുണ്ടായാല്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടത് മുന്‍ എം.എല്‍.എമാരായ ഇ.എസ്. ബിജിമോള്‍, ഗീതാ ഗോപി എന്നിവരും തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

2015 മാര്‍ച്ച് 13-ന് മുന്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം തടയാന്‍ ശ്രമിച്ചതാണ് നിയമസഭയില്‍ കയ്യാങ്കളിയിലേക്ക് നയിച്ചത്. ബാര്‍ കോഴ അഴിമതിയില്‍ കെ.എം മാണിക്ക് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഘര്‍ഷത്തിനിടെ നിയമസഭയിലുണ്ടാക്കിയ നഷ്ടം ചൂണ്ടിക്കാണിച്ചാണ് പോലീസ് കേസെടുത്തിരുന്നത്.

 

 

 

 

 

Back to top button
error: