NEWSSocial Media

‘ടോം’ കപ്പടിച്ചെങ്കില്‍ പ്രേക്ഷകമനസില്‍ ഇടംപിടിച്ചത് ‘ജെറി’; വിമാനത്താവളത്തില്‍ ശോഭയ്ക്ക് വരേവല്പ്പ്

ബിഗ് ബോസ് കിരീടത്തേക്കാള്‍ താന്‍ പ്രധാനമായി കണ്ടത് ജനമനസുകള്‍ കീഴടക്കുന്നതാണെന്നും അതില്‍ താന്‍ വിജയിച്ചുവെന്നും സീസണ്‍ 5 ലെ നാലാം സ്ഥാനക്കാരി ശോഭ വിശ്വനാഥ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 വേദിയായ മുംബൈയില്‍ നിന്നും സ്വദേശമായ തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോള്‍ കാത്തുനിന്ന യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭ. ശോഭയെ വരവേല്‍ക്കാനായി സുഹൃത്തുക്കള്‍ എത്തിയിരുന്നു.

”വലിയൊരു യാത്ര തന്നെ ആയിരുന്നു നൂറ് ദിവസം എന്ന് പറയുന്നത്. ഏഷ്യാനെറ്റിനും എന്‍ഡെമോള്‍ഷൈനിനും ബിഗ് ബോസ് ടീമിനും അതിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും ഒരു വലിയ കൈയടി. ഒരു സെല്‍ഫ് മേഡ് വുമണ്‍ ആയി പോയിട്ട് ഒരു ഇന്‍ഡിപ്പെന്‍ഡന്‍ഡ് ഗെയിമര്‍ ആയിട്ടാണ് ഞാന്‍ തിരിച്ചുവന്നിരിക്കുന്നത്. ഭയങ്കര സ്‌ട്രോംഗ് ആയതായി തോന്നുന്നു. പോയതിനേക്കാള്‍ പത്തിരട്ടി കരുത്തോടെയാണ് എത്തിയിരിക്കുന്നത്” -ശോഭ പറയുന്നു.

Signature-ad

ബിഗ് ബോസ് വിജയി അഖിലുമായി ഉണ്ടായിരുന്ന കോമ്പിനേഷന് പ്രേക്ഷകര്‍ നല്‍കിയ പേര് താന്‍ അറിഞ്ഞെന്നും ശോഭ പറയുന്നു: ”ടോം ആന്‍ഡ് ജെറി എന്നൊക്കെ ഒരുപാട് പേര്‍ പറയുന്നുണ്ടായിരുന്നു. ഞാന്‍ അതിനെപ്പറ്റിയൊക്കെ കേട്ടു. ടോം കപ്പ് കൊണ്ടുപോയെങ്കില്‍ എന്താ, ജെറി എല്ലാവരുടെയും മനസ് ആണ് കൊണ്ടുപോയത്. ഞാന്‍ വളരെ സന്തോഷവതിയാണ്. ഒത്തിരി മെസേജുകള്‍ എനിക്ക് വരുന്നുണ്ട്. ഞാന്‍ അനുഗ്രഹീതയാണ്. എനിക്ക് അത്രയേ പറയാനുള്ളൂ. എല്ലാവരുടെയും പിന്തുണ ഉണ്ടായിരുന്നെന്ന് എനിക്ക് അറിയാം. എന്തെങ്കിലും, ആരെയെങ്കിലും ഞാന്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മനസില്‍ തൊട്ട് സോറി പറയുകയാണ്. അതൊരു ഗെയിം ആണ്. സൈബര്‍ ബുള്ളീയിംഗ് നമ്മുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാവില്ല. ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാവാതെ ഇരിക്കട്ടെ. വളരെ നന്ദി”.

വണ്‍ റുപ്പി ലൂം പ്രോജക്റ്റിലേക്ക് ഒരു ചെറിയ കുട്ടിയില്‍ നിന്ന് ഒരു രൂപ ശോഭ സമ്മാനമായി സ്വീകരിച്ചു. ”ഇതാണ് കപ്പിനേക്കാള്‍ ഞാന്‍ ആഗ്രഹിച്ചിരുന്നത്. കൂടെനിന്ന പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദി. നിങ്ങളില്ലെങ്കില്‍ ഞാന്‍ ഇന്ന് ഇല്ല’, ശോഭയുടെ വാക്കുകള്‍. രണ്ടാം സ്ഥാനം കിട്ടാത്തതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- ‘ഇല്ല. ഇതൊരു യാത്ര അല്ലേ? ട്രോഫിയേക്കാള്‍ മനസുകള്‍ കീഴടക്കുന്നതാണ് ഞാന്‍ കൂടുതല്‍ പ്രധാനമായി കാണുന്നത്. അത് ഞാന്‍ നേടിക്കഴിഞ്ഞു. ഞാന്‍ വിജയിച്ച് തന്നെയാണ് ഇവിടെ നില്‍ക്കുന്നത്. ഇനിയാണ് ഞാന്‍ തുടങ്ങാന്‍ പോകുന്നത്. എല്ലാവരും എന്റെ കൂടെ വേണം” -ശോഭ പറഞ്ഞു.

അഖിലുമായി ഇനി പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ- ”ഒരു പ്രശ്‌നവുമില്ല. അവിടെ മൈന്‍ഡ് ഗെയിം ആണ്. അവിടെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവിടെത്തന്നെ തീര്‍ത്തിട്ടാണ് ഞാന്‍ വന്നത്. മത്സരാര്‍ഥികള്‍ അങ്ങോട്ടുമിങ്ങോട്ടും വിരോധം വച്ചില്ല എന്നത് തന്നെയാണ് ഈ സീസണിന്റെ പ്രത്യേകത, വിജയം. എല്ലാവരും നല്ല സുഹൃത്തുക്കളാണ്. എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് മാത്രം ഞാന്‍ ആഗ്രഹിക്കുന്നു. നല്ലത് വരട്ടെ അഖിലിനും കുടുംബത്തിനും”. അഖിലിന് ഇത്രയും പിന്തുണ ഉണ്ടാവുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി- ‘എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്ത് ശരിയെന്നാണോ എനിക്ക് തോന്നുന്നത്, എന്റെ നിലപാടുകള്‍ക്കനുസരിച്ചാണ് ഞാന്‍ യാത്ര ചെയ്തത്. നന്ദി’, ശോഭ പറഞ്ഞവസാനിപ്പിച്ചു.

 

Back to top button
error: