NEWSWorld

മര്യാദയ്ക്ക് നോക്കാന്‍ കഴിയില്ലെങ്കില്‍ മടക്കി തന്നേക്ക്; മുത്തുരാജയെ തിരിച്ചെടുത്ത് തായ്‌ലന്‍ഡ്

ബാങ്കോക്ക്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയ്ക്ക് സമ്മാനിച്ച ആനയെ തിരിച്ച് വാങ്ങി തായ്‌ലന്‍ഡ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മുത്തുരാജ എന്ന ആനയെയാണ് തിരികെ വാങ്ങിയത്. ആനയെ വേണ്ട രീതിയില്‍ പരിചരിച്ചില്ല എന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആനയെ തിരികെ കയറ്റി അയച്ചത്.

സാക് സുരിന്‍ എന്ന മുത്തുരാജയെ 2001 ലാണ് തായ്ലന്‍ഡ് രാജകുടുംബം ശ്രീലങ്കയ്ക്ക് സമ്മാനമായി നല്‍കിയത്. തുടര്‍ന്ന് ശ്രീലങ്ക ആനയെ ക്ഷേത്രത്തിന് സമ്മാനിക്കുകയും അവിടെ മതപരമായ ഘോഷയാത്രകളില്‍ പങ്കെടുക്കാന്‍ നിയോഗിക്കുകയും ചെയ്തു.

Signature-ad

എന്നാല്‍, ആനയ്ക്ക് വേണ്ട പരിചരണം നല്‍കുന്നില്ലെന്നും നിരന്തരം പീഡനത്തിന് ഇരയാവുകയാണെന്നും ആരോപിച്ചുകൊണ്ട് റാലി ഫോര്‍ അനിമല്‍ റൈറ്റ്സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് എന്ന സംഘടന രംഗത്തെത്തി. ആനയുടെ കാലിനേറ്റ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ ആനയുടെ ചികിത്സയ്ക്കായി തിരികെ തായ്ലന്‍ഡില്‍ എത്തിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

കഴിഞ്ഞ നവംബറില്‍ ആനയെ ശ്രീലങ്കയിലെ നാഷണല്‍ സുവോളജിക്കല്‍ ഗാര്‍ഡനിലേക്ക് മാറ്റാന്‍ ക്ഷേത്ര ഭാരവാഹികള്‍ സമ്മതിച്ചു. അവിടെ ചികിത്സയും തായ്‌ലന്‍ഡിലേക്ക് പോകാനുളള തയ്യാറെടുപ്പുകളും നടന്നു. തുടര്‍ന്നാണ് എയര്‍ലിഫ്റ്റ് ചെയ്തത്.

4,000 കിലോഗ്രാം ഭാരമുള്ള ആനയെ കൊളംബോ വിമാനത്താവളത്തില്‍ നിന്ന് കൊമേഴ്‌സ്യല്‍ ഫ്ലൈറ്റില്‍ കയറ്റി അയച്ചു. നാല് തായ് ഹാന്‍ഡ്‌ലര്‍മാരും ഒരു ശ്രീലങ്കന്‍ കീപ്പറും വിമാനത്തില്‍ ആനയ്ക്കൊപ്പമുണ്ടായിരുന്നു. ആനയുടെ ആരോഗ്യം നിരീക്ഷിക്കാന്‍ രണ്ട് സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. ആകെ 700,000 ഡോളര്‍ ചെലവായതായി തായ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിയാങ് മായില്‍ എത്തിയ ശേഷം ആനയെ അടുത്തുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍ താമസിപ്പിക്കും.

Back to top button
error: